തലശ്ശേരി: അയല്‍ക്കാരന്റെ മരം വീടിന് ഭീഷണിയായതിനാല്‍ മുറിച്ചു മാറ്റാന്‍ ഉത്തരവിടണമെന്ന് അപേക്ഷിച്ച് കുടു:ബനാഥ ഒരു വര്‍ഷം മുന്‍പെ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിനും നല്‍കിയ അപേക്ഷയില്‍ അനുകൂലവിധിയുണ്ടായിട്ടും തീരുമാനം നടപ്പായില്ല. അപകട മരത്തിന്റെ ഉടമയുടെ ഉന്നതതലത്തിലുള്ള സ്വാധീനമാണ് പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനം അട്ടിമറിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് ദേശവാസികള്‍ ആരോപിച്ചു. അണ്ടലൂര്‍ പനക്കാണ്ടിമുക്ക് ലക്ഷം വീട് കോളനി റോഡിലെ ഗണേശ് നിവാസില്‍ ജി.വിജയകുമാരിയുടെ പരാതിയാണ് ധര്‍മ്മടം പഞ്ചായത്തില്‍ നിന്നും ഭൂരുഹ സാഹചര്യത്തില്‍ തകിടം മറിഞ്ഞത്. ഉടന്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാല് മാസം മുന്‍പ് പഞ്ചായത്ത് ഭരണസമിതിയോഗം അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനിച്ചതുമാണ്. എന്നാല്‍ തീരുമാനം നടപ്പാക്കുന്നതിനിടയില്‍ ചില ഇടപെടലുണ്ടായതോടെ ബന്ധപ്പെട്ടവര്‍ നിസ്സഹായത പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറി. ഇത് സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടയില്‍ മരം ഉണങ്ങുകയും ഇതിന്റെ കൂറ്റന്‍ ശിഖരം ഇന്നലെ രാത്രി പരാതിക്കാരിയുടെ വീടിന് മുകളില്‍ വീഴുകയുമുണ്ടായി. കാര്യമായ നാശ നഷ്ടമുണ്ടായില്ല. എതിര്‍കക്ഷിയുടെ സ്ഥലത്തെ അഞ്ചോളം പാഴ്മരങ്ങള്‍ ഇപ്പോഴും പരാതിക്കാരിയുടെ വീടിന് ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
















