തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത(51)അന്തരിച്ചു. ഒല്ലൂരിലുള്ള വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരത്തിന്റെ നെടുന്തൂണായിരുന്നു അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഡോ.ലത. കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടി കൃഷി ഓഫീസറായ ലത ജോലി രാജിവെച്ചാണ് പരിസ്ഥിതി പ്രവര്‍ത്തനത്തിനിറങ്ങിയത്. മുപ്പത് വര്‍ഷമായി ഈ രംഗത്ത് പഠനഗവേഷണത്തിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലുമാണ് . പല പുഴകളേയും ജലസ്രോതസ്സുകളേയും കുറിച്ച് ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിക്കെതിരെ ചാലക്കുടി പുഴസംരക്ഷണസമിതി രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലായിരുന്നു. ഒല്ലൂര്‍ റിവര്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായിരുന്നു.
2014ലെ റിവര്‍ വീക്കിന്റെ ഭഗീരഥ പ്രയാസ് സമ്മാന്‍, കെ.ആര്‍.കാര്‍ത്ത്യായനി ടീച്ചര്‍ മെമ്മോറിയല്‍ അവാര്‍ഡ്, ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണനാണ്( എഞ്ചിനീയര്‍) ഭര്‍ത്താവ്. മക്കളില്ല. പഞ്ചായത്ത് വളപ്പില്‍ ഉദ്യോഗസ്ഥനായ പരേതനായ അനന്ത് കമ്മത്തിന്റേയും നേവിയില്‍ ശാസ്ത്രജ്ഞയായ പരേതയായ വരദാഭായിയുടെയും മകളാണ് . എ.സുരേഷ്, എ.സതീഷ് സഹോദരങ്ങളാണ്. രണ്ട് വര്‍ഷമായി കാന്‍സര്‍ രോഗബാധിതയായ ലത സമീപകാലം വരെ പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
ലതയുടെ നിര്യാണത്തില്‍ തപസ്യ അനുശോചിച്ചു. തപസ്യ സംസ്ഥാന സമിതിക്കുവേണ്ടി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ്, എഴുത്തുകാരന്‍ ശ്രീജിത്ത് മൂത്തേടത്ത് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
















