ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോൺഗ്രസ് നടത്തിയ ആരോപണങ്ങളെ പരസ്യമായി നിഷേധിച്ച് ഫ്രഞ്ച് യുദ്ധവിമാന നിർമ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷന്‍. നികത്താനാവാത്ത നഷ്ടം പൊതുഖജനാവിന് വരുത്തിയാണ് മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനൊരുങ്ങുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
പ്രകടനമികവിന്റെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിലാണ് റഫാല്‍ വിമാനങ്ങള്‍ക്ക് വില നിര്‍ണയിച്ചിരിക്കുന്നത്. തികച്ചും സുതാര്യമായ പ്രക്രിയകളിലൂടെയാണ് ഇന്ത്യയുമായുള്ള കരാറുമായി മുന്നോട്ട് പോയിരിക്കുന്നത് എന്നും ദാസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളെ ഇന്ത്യയുടെ ആഭ്യന്തരകാര്യമായി മാത്രമേ വിലയിരുത്തുന്നുള്ളു എന്നും ഫ്രഞ്ച് നയതന്ത്രവൃത്തങ്ങള്‍ വ്യക്തമാക്കി.
2015 ഏപ്രിലില്‍ നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. അതിന് 16 മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ഈവ് ല ഡ്രിയാനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്.
എന്താണ് റഫാല്‍
ഇരട്ട എഞ്ചിനുകളുള്ള വിവിധോദ്ദ്യേശ വിമാനമാണ് റഫാല്‍. അയല്‍രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണ്വായുധം വഹിക്കാനും ശേഷിയുള്ള വിമാനമാണിത്. ദൃശ്യപരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോര്‍ മിസൈലും ഡിസ്പ്ലേ സംവിധാനത്തോടെയുളള ഹെല്‍മെറ്റും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഈ വിമാനത്തിലുണ്ടാവും.
















