സേവാസംഗമം ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രസന്നമൂര്‍ത്തി, പി.ഇ.ബി. മേനോന്‍, പ്രിയദര്‍ശന്‍, പി. പരമേശ്വരന്‍ എന്നിവര്‍ സമീപം( ആര്‍.ആര്‍. ജയറാം)
ഗുരുവായൂര്‍: ദരിദ്രരുടേയും ആര്‍ത്തരുടേയും ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സൃഷ്ടിക്കുക എന്നതാണ് സേവാപ്രവര്‍ത്തനം കൊണ്ടുദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി. ഗുരുവായൂരില്‍ സേവാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അനുമതിയോ സഹായമോ വിദേശ പണമോ അല്ല സേവനത്തിനടിസ്ഥാനം. ദുര്‍ബലരോടുള്ള സഹാനുഭൂതിയാണ്.
രാജ്യത്ത് 35 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍വരെ ഇവര്‍ ജോലി ചെയ്യുന്നു. ജനസംഖ്യയുടെ ഒമ്പത് ശതമാനം വനവാസി വിഭാഗങ്ങളാണ്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളിലാണ് ഇവര്‍ കഴിയുന്നത്. ആവശ്യത്തിന് വിദ്യാലയങ്ങളില്ല. ആശുപത്രികളില്ല. ഗുഹകളില്‍ കഴിയുന്ന ആദിമവാസികള്‍ ഇതിലും ദയനീയമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിസ്വാര്‍ത്ഥ ബുദ്ധിയോടെയുള്ള സേവനപ്രവര്‍ത്തനമാണ് ഇന്നാവശ്യം.
ആര്‍എസ്എസ്സിന്റെ പ്രേരണയാല്‍ രാജ്യവ്യാപകമായി ഒന്നരലക്ഷത്തോളം സേവാപ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുന്നു. സേവനപ്രവര്‍ത്തനങ്ങള്‍ കേവലം എന്‍ജിഒ പ്രവര്‍ത്തനങ്ങളല്ല. ഫണ്ടുകളെ ആശ്രയിച്ചല്ല ആര്‍എസ്എസ്സിന്റെ സേവനപ്രവര്‍ത്തനങ്ങള്‍. പ്രതിവര്‍ഷം നൂറുകോടി രൂപയിലധികം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ഇതില്‍ പത്തുശതമാനം മാത്രമാണ് സര്‍ക്കാര്‍ സഹായം. ബാക്കിവരുന്ന തൊണ്ണൂറു ശതമാനവും സമാജത്തിന്റെ സന്മനസ്സുകൊണ്ട് ലഭിക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വ്യക്തികളിലും സേവന മനോഭാവമുണ്ടാകണം. ആത്യന്തികമായ ലക്ഷ്യം സേവനപ്രവര്‍ത്തനം ആവശ്യമില്ലാത്ത സ്വാശ്രയ സമൂഹത്തെ സൃഷ്ടിക്കലാണ്, സുരേഷ് ജോഷി പറഞ്ഞു.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആമുഖ ഭാഷണം നടത്തി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, വയനാട് വിവേകാനന്ദ മെഡിക്കല്‍മിഷന്‍ സൂപ്രണ്ട് ഡോ. സഖ്‌ദേവ്, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ട് ഡോ. നാരായണന്‍ എന്നിവരെ ആദരിച്ചു. പ്രാന്ത സഹ സേവാപ്രമുഖ് ജി.വി. ഗിരീഷ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
















