കാഞ്ഞങ്ങാട്: അന്തരിച്ച സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്റെ പേരില്‍ പുതിയകോട്ട കാരാട്ടുവയല്‍ റോഡിലുള്ള നാല് സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ കേരളത്തിലുള്ള മുഴുവന്‍ സ്വത്ത് വകകളിലും അവകാശം ഉന്നയിച്ച് മരുമകന്‍ കുഞ്ഞിരാമന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിആറിന്റെ പേരില്‍ വന്‍ സ്വത്ത് വകകളുണ്ട്. ഇതിലാണ് കുഞ്ഞിരാമന്‍ അവകാശമുന്നയിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ മരണശേഷവും സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കാരാട്ടുവയലില്‍ 1986 ലാണ് സിഎംപി ജില്ലാ കമ്മറ്റി ഓഫീസിന് വേണ്ടി നാല്‌സെന്റ് ഭൂമിയും കെട്ടിടവും അന്ന് സെക്രട്ടറിയായിരുന്ന എം. കര്‍ത്തമ്പു അഞ്ച് ലക്ഷം രൂപക്ക് വാങ്ങിയത്. എന്നാല്‍ സ്ഥലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മേലത്ത്‌വീട്ടില്‍ രാഘവന്‍ എന്ന എംവിആറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് സിഎംപി പിളര്‍ന്നതോടെ ഓഫീസും സ്ഥലവും അനാഥമായി. ഇരുവിഭാഗവും ഈ കെട്ടിടം ഉപയോഗിക്കാതെയായി. ഇതിനിടയിലാണ് പുതിയകോട്ടയില്‍ പിതാവിന്റെ പേരില്‍ ഭൂമിയും കെട്ടിടവും ഉള്ളതായറിഞ്ഞാണ് എംവിആറിന്റെ മരുമകന്‍ കുഞ്ഞിരാമന്‍ ഈ സ്ഥലത്തിലുള്‍പ്പെടെ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചത്.
















