ന്യൂദല്‍ഹി: റയാന്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ബസ് ജീവനക്കാരനെ മനപ്പൂര്‍വ്വം കുടുക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കുട്ടിയെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് തന്നെയാണ് സ്കൂള്‍ ബസില്‍ വച്ചതെന്നും സിബിഐ വെളിപ്പെടുത്തി.
വിദ്യാര്‍ത്ഥി തന്നെയാണ് സ്കൂളിനു സമീപമുള്ള കടയില്‍ നിന്ന് വാങ്ങിയത്. ഈ കത്തി ടോയ്‌ലറ്റിനു സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഇതേ കത്തിയാണ് പോലീസ് സ്കൂള്‍ ബസില്‍ കൊണ്ടുവച്ച് ബസ് ജീവനക്കാരനെ മനപ്പൂര്‍വ്വം കുടുക്കിയത്. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ പ്രതിയുമായി കത്തി വാങ്ങിയ കടയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. താന്‍ തന്നെയാണ് കത്തി വാങ്ങിയതെന്ന് വിദ്യാര്‍ത്ഥി സമ്മതിക്കുകയും ചെയ്തു. ഇതോടെ ബസ് ജീവനക്കാരനായ അശോകാണ് കത്തിയുമായി സ്കൂളിലെത്തിയതെന്ന പോലീസിന്റെ വാദം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി.
ധൃതി പിടിച്ചുള്ള അന്വേഷണത്തിലും അറസ്റ്റിലും തൃപ്തരാകാതെയാണ് കൊല്ലപ്പെട്ട പ്രദ്യുമ്നന്‍ന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
















