കുണ്ടറ: മുഖത്തല തൃക്കോവില്‍വട്ടം പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ദേവ് സ്‌നാക്‌സ് ഫാക്ടറി ഗോഡൗണ്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിനെതിരെ നിരവധി പരാതി നല്‍കിയിട്ടും പരിഹാരമായില്ല.
ചിപ്‌സ്, മിക്ചര്‍ മുതലായ ബേക്കറി സാധങ്ങള്‍ നിര്‍മിക്കുന്ന ചെറിയേലായിലെയും, ഉമയനല്ലൂരിലെയും ഫാക്ടറികളില്‍ നിന്ന് പുറംതള്ളുന്ന പ്ലാസ്റ്റിക്, ആഹാരസാധനങ്ങള്‍, ഉപയോഗശൂന്യമായ എണ്ണ, വെള്ളം മുതലായവ ഇവിടെ എത്തിക്കുന്നു. ഇതിനു ശേഷം ഖരമാലിന്യങ്ങള്‍ കത്തിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും ത്വക് രോഗങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. എണ്ണകലര്‍ന്ന മലിനജലം സമീപത്തെ പാടത്തും തോട്ടിലും കൃഷിപ്രദേശങ്ങളിലും ഒഴുക്കിവിടുന്നു. ഇവ ഒഴുകി കിണറുകളിലെത്തി ജലം മലിനമാകുന്നു. ഇതിനെതിരെ ഫാക്ടറി ഉടമയ്‌ക്ക് പരാതി നല്‍കിയെങ്കിലും അവഗണിച്ചു.
തുടര്‍ന്ന് എണ്ണകലര്‍ന്ന മലിനജലം കൊണ്ടുവന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ അന്‍സാരി മുക്കില്‍ തടഞ്ഞിരുന്നു. ഇതിനുശേഷവും കുടിവെള്ളം എന്ന ലേബലില്‍ ടാങ്കര്‍ലോറിയില്‍ കൊണ്ടുവന്ന് തോടുകളില്‍ ഒഴുക്കുകയും വേസ്റ്റുകള്‍ കത്തിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഫാക്ടറിക്കുള്ളില്‍ കടന്ന് പ്രതിഷേധിച്ചു. വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി പരാതി പരിഹരിക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.
















