കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച കോടതി സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുക എന്നും ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ അന്വേഷണം തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ എന്ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. മറ്റൊരു ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കൈയ്യേറ്റത്തിനു പുറമേ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















