ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ചെയർമാൻ ശിവശങ്കരപ്പ സാഹൂക്കറെയ്‌ക്ക് സസ്പെൻഷൻ. രണ്ട് പെൺമക്കളെ കെപിഎസ്‌സി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കാൻ നിയമവിരുദ്ധമായി സഹായിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സസ്പെൻഡ് ചെയ്തത്. ശിവശങ്കരപ്പ സാഹൂക്കറെയ്‌ക്കെതിരായ ആരോപണങ്ങളിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കെപിഎസ്‌സിയുടെ മേൽനോട്ടത്തിൽ നടന്ന ഒരു നിയമന നടപടിയിൽ തന്റെ രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി തിരഞ്ഞെടുക്കാൻ സാഹൂക്കർ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
ശിവശങ്കരപ്പ സാഹൂക്കറുടെ മകൾ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയാണെന്ന് കാണിക്കുന്ന വ്യാജ വരുമാന-ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് മറ്റ് പിന്നാക്ക വിഭാഗം (ഒബിസി) സംവരണ ആനുകൂല്യം നേടിയെന്നും ആരോപണമുണ്ട്. സംവരണ ആനുകൂല്യം നേടുന്നതിനായി പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചതായും അധികൃതർ ആരോപിച്ചു. ഈ വിഷയത്തിൽ സാഹൂക്കറെ ഇതുവരെ പ്രതികരിച്ചില്ല. 2019 സെപ്റ്റംബറിൽ കെപിഎസ്‌സി അംഗമായാണ് സാഹൂക്കർ ചുമതലയേറ്റത്. 2002 മാർച്ച് 30-ന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെ മക്കൾക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗ സംവരണ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം മറച്ചുവെച്ചതിനാൽ നിയമന നടപടിയിൽ അർഹതയില്ലാത്ത ആനുകൂല്യം ലഭിച്ചതായും ആരോപണമുണ്ട്.
സാഹൂക്കറുടെ വരുമാന-സ്വത്ത് വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ചു. ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാഹൂക്കറയ്‌ക്കെതിരെ തുടർനടപടിക്ക് ശുപാർശ ചെയ്തത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും മുതിർന്ന അംഗത്തിന് ചെയർമാന്റെ ചുമതല കൈമാറണമെന്നും ഗവർണർ നിർദേശം നൽകി.
















