ന്യൂദല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് കൈത്താങ്ങുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കാന്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാറിലെത്തി.
ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, റിപ്പബ്ലിക് ഓഫ് കൊറിയ, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഹംഗറി, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, നോര്‍വെ, ഓസ്ട്രിയ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമായി കരാറിലെത്തിയതായി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി. ജോയ് ‘ജന്മഭൂമി’യോട് പറഞ്ഞു. വിദേശത്ത് നിശ്ചിത കാലം ജോലിക്കു പോകുന്ന, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ(ഇപിഎഫ്ഒ)നില്‍ അംഗങ്ങളായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തേക്ക് അയയ്‌ക്കുന്നവര്‍ക്കും ഇത് ബാധകം.
ജോലി ചെയ്യുന്ന രാജ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍നിന്ന് ഒഴിവാകാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കറ്റ് ഓഫ് കവറേജ് (സിഒസി) നല്‍കും. സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായും അദ്ദേഹം വ്യക്തമാക്കി. ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ ഒരു പേജ് മാത്രമുള്ള അപേക്ഷയാണിത്.
വിദേശ രാജ്യങ്ങളിലെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിക്ഷേപിച്ച തുക ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ഇപിഎഫ്ഒയുടേത്. 9.26 ലക്ഷം സ്ഥാപനങ്ങളിലായി 4.5 കോടി അംഗങ്ങള്‍. പ്രതിമാസം 60.32 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു.
















