ന്യൂദല്‍ഹി: കാശ്മീരി വിഘടന നേതാവ് യാസിന്‍ മാലിക്കിനെ വ്യാഴാഴ്‌ച്ച രാത്രിയോടെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച്ച രാവിലെ ഇയാളെ ശ്രീനഗറിലേക്ക് തിരിച്ച് അയച്ചു.
നേരത്തെ യാസിന് 48 മണിക്കൂര്‍ ഉപവാസ സമരത്തിനുള്ള അനുമതി ദല്‍ഹി പോലീസ് നിഷേധിച്ചിരുന്നു. പാര്‍ലമെന്റ് അക്രമണ കേസില്‍ തൂക്കികൊന്ന പ്രതി അഫ്‌സല്‍ ഗുരുവിന്റെ ശരീരം കുടുംബത്തിന് വിട്ടുകിട്ടുന്നതുള്‍പ്പടെയുള്ള ആവശ്യവുമായാണ് യാസിന്‍ മാലിക്ക് ഉപവാസത്തിനൊരുങ്ങിയത്.
വെള്ളിയാഴ്‌ച്ച ജന്തര്‍ മന്തറിലാണ് സമരം നടക്കാനിരുന്നത്. സമരം തടഞ്ഞതിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമെ മാലിക്കിനെ കസ്റ്റഡിയിലെടുക്കാവു എന്ന് ഉത്തരവുണ്ടായിരുന്നു. ദല്‍ഹിയിലെ സമരം ക്രമസമാധാനത്തിന് വിള്ളലുണ്ടാക്കാമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. സൂചനകളുടെ അടിസ്ഥാനത്തില്‍ യാസിന്‍ മാലിക്കും ദേശ വിരുദ്ധമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്‌സല്‍ ഗുരുവിനെ തൂക്കി കൊന്നതിനെതിരെ ഇസ്ലാമബാദില്‍ നടത്തിയ സമരത്തില്‍ ലഷ്‌ക്കറെ തായിബയുടെ സ്ഥാപകനും ഇന്ത്യ തിരയുന്ന ഭീകരനുമായ ഹഫീസ് സയ്യീദുമായി യാസിന്‍ വേദി പങ്കിട്ടിരുന്നു.
















