ഇടുക്കി: ഭര്‍തൃമാതാവിനെ കൊല്ലാന്‍ ശ്രമിച്ച യുവതിയെ ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപാറ മക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനി (37)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് ദേവികുളം സിഐ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വീട്ടില്‍ നിന്നും പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടില്‍ വച്ച് പ്രതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അമ്മയെ മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. മരുമകള്‍ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളംവച്ച് മിനി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്താല്‍ മോര്‍ണിങ്സ്റ്റാര്‍ ആശുപത്രിയിലാക്കി.
അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരം കണ്ടെത്തിയത്.
അച്ചാമ്മ മരിച്ചെന്ന് കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് അച്ചാമ്മ വീണ് പരിക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പോലീസിന്റെ അന്വേഷണം തുടരുകയാണ്.
















