ഡെങ്കി മരണങ്ങള്‍ സംസ്ഥാനത്ത് റിക്കാര്‍ഡ് ഭേദിച്ച് ഉയരുമ്പോള്‍ മറുമരുന്നായി കെണിയൊരുക്കി തൃക്കാക്കര ഭവന്‍സ് വരുണ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഡി ഒ ടി അഥവാ ഡോട്ട് എന്ന പേരിലാണ് വീടുകള്‍ തോറും ആവിഷ്‌ക്കരിക്കാവുന്ന കൊച്ചു കണ്ടെത്തലുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഡെങ്കു ഓവം ട്രാപ്പ് എന്നതാണ് മുഴുവന്‍ പേര്.
കറുപ്പിനോടുള്ള ഡെങ്കി കൊതുകുകളുടെ ആഭിമുഖ്യം മുതലെടുത്താണ് പ്രത്യേകതരം അറകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ വെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകള്‍ അടുത്ത തലമുറയെ കാത്തിരിക്കേണ്ടതില്ല. ഇവരുടെ മുട്ടകള്‍ നശിച്ചുപോകുന്ന രീതിയാണ് കണ്ടുപിടിത്തത്തിലുള്ളത്.
ഡെങ്കി പരത്തുന്ന കൊതുകുകള്‍ അധികമായി കാണുന്ന മേഖലകളില്‍ കെണികള്‍ വിന്യസിക്കുകയാണ് പദ്ധതി. കുറഞ്ഞ ചെലവില്‍ വീടുകളിലും സ്ഥാപിക്കാം. മോഹിത് ബി.നായര്‍, സ്വാതിക് കെ. പണിക്കര്‍, ദിവ്യരൂപ് സാഹു എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.
















