ഡെറാഡൂണ്‍: ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ വീരചരമമടഞ്ഞ രണ്ട് ഇന്ത്യന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നവംബറില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിന് കരസേനയിലെ ഗഢ്‌വാള്‍ റൈഫിള്‍സിലെ സൈനികരുടെ സംഘം അടുത്തമാസമാദ്യം ഫ്രാന്‍സിലേക്ക് തിരിക്കും.
അടുത്തിടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ രണ്ട് അജ്ഞാതര്‍ അടക്കം നാലു ഇന്ത്യന്‍ സൈനികരുടെ മൃതദേഹാവശിഷ്ടങ്ങള്‍ഡണ്‍കിര്‍ക്ക് നഗരത്തില്‍ നിന്ന്അകലെ ലവന്‍ടൈയെന്ന സ്ഥലത്ത് കണ്ടെത്തിയത്. കെട്ടിടം പണിക്ക് ഭൂമി കുഴിച്ചപ്പോഴാണ് ഇവ ലഭിച്ചത്. ഇതിനൊപ്പം ഇവരുടെ സൈനിക വിഭാഗത്തിന്റെ( റജിമെന്റ്) നമ്പര്‍( 39) എഴുതിയ സൈനിക മുദ്രയും കണ്ടെത്തി.
ഇവര്‍ ഗഡ്‌വാള്‍ റൈഫിള്‍സിലുള്ളവരായിരുന്നുവെന്നാണ് സൂചന. ഒപ്പം കണ്ടെത്തിയ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ ബ്രിട്ടീഷ്, ജര്‍മ്മന്‍ സൈനികരുടേതാണെന്ന് കരുതുന്നു. ഒന്നാം ലോകയുദ്ധക്കാലത്ത് ബ്രിട്ടനു വേണ്ടി പോരാടിയ ഗഡ്‌വാള്‍ റജിമെന്റിലെ 650 ലേറെ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
















