മുംബൈ:മുംബൈയിലെ എലിഫന്റ്സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തകര്‍ന്ന പാലം ഇന്ത്യന്‍ സൈന്യം പുനര്‍നിര്‍മ്മിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ സൈന്യം പങ്കാളിയാകുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
എലിഫന്റ്സ്റ്റോണില്‍ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി അത്രത്തോളം വലുതായത് കൊണ്ടും എത്രയും പെട്ടെന്ന് പാലം പുനര്‍നിര്‍മ്മിക്കേണ്ടതു കൊണ്ടുമാണ് ഇന്ത്യന്‍ സൈന്യത്തെ ഈ ദൗത്യത്തിന് നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.റെയില്‍വേസ്റ്റേഷന്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.
അതേസമയം പാലത്തിന്റെ പണി ജനുവരി 31 ഓടെ പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.നിര്‍മ്മല സീതാരാമനൊപ്പം റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സ്ഥലം സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ 29 നാണ് എലിഫന്റ്സ്റ്റോണ്‍ റെയില്‍വേസ്റ്റേഷനിലെ തിക്കിലും തിരക്കിലുംപ്പെട്ട് 29 പേര്‍ കൊല്ലപ്പെട്ടത്.എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് ഇന്ത്യന്‍ റെയിവേ വകുപ്പും പ്രതിരോധ വകുപ്പും ജനങ്ങളുടെ സുരക്ഷക്കായി കൈകോര്‍ത്തിരിക്കുന്നത്.
















