ഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ ടെറസിലേക്ക് തകര്‍ന്ന് വീണു. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് സംഭവം. തെലുങ്കാന ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്തിന്റെ ഡോറാണ് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണത്. വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമായിരുന്നു ഉണ്ടായിരുന്നത്.
ഗണേഷ് യാദവ് എന്നയാളുടെ വീടിന്റെ ടെറസിലാണ് വിമാന വാതില്‍ പതിച്ചത്. ടെറസില്‍ പെയിന്റിങ്ങ് നടക്കുകയായിരുന്നു. ജോലിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരുന്നതിനാല്‍ അപകടം ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന വിഭാഗം ഉത്തരവിട്ടിട്ടുണ്ട്
ലാലാപ്പെട്ട് മേഖലയില്‍ പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ മാസം വ്യോമസേനയുടെ വിമാനം പരിശീലന പറക്കലിനിടെ ഇവിടെ തകര്‍ന്ന് വീണിരുന്നു.
















