ന്യൂദല്‍ഹി: ദല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സംഘങ്ങള്‍ ആയുധങ്ങളുമായി ഏറ്റുമുട്ടി. ആശുപത്രിയില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവനക്കാര്‍ ശുചിമുറികളില്‍ ഉള്‍പ്പെടെ അഭയം തേടി. ശനിയാഴ്ചയുണ്ടായ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മൂന്ന് നൈജീരിയന്‍ സ്വദേശികളെ പരിക്കേറ്റ നിലയില്‍ സാകേതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കള്‍ പുറത്ത് കാത്തുനില്‍ക്കുന്നതിനിടെ ഓട്ടോയിലെത്തിയ മറ്റൊരു സംഘം ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് മറ്റുള്ളവര്‍ തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു മണിക്കൂറോളം അക്രമം നടന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമേറ്റു. ആശുപത്രി ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.
















