പൂനെ: സ്‌കൂളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിന്റെ പേരില്‍ 10 വയസുകാരന് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. മുട്ടിന് താഴെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. മഹാരാഷ്‌ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം.
കഴിഞ്ഞ സപ്തംബറിലായിരുന്നു ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്. കുട്ടിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു. അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അധ്യാപികയ്‌ക്കെതിരെ ജുവനൈല്‍ നിയമ പ്രകാരവും സെക്ഷന്‍ 324 പ്രകാരവും കേസെടുത്തിട്ടുണ്ട്.
തങ്ങളുടെ മകനോട് എന്തിനാണ് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടതെന്ന് ഇപ്പോഴും അറിയില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. സ്‌കൂളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടു വരുന്നതിന് പദ്ധതിയുണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് സന്ദേശമെന്തെങ്കിലും അയക്കുന്നതിന് ഇത് ഉപകരിക്കും. ഇതിന്റെ ഭാഗമായിട്ടായിരിക്കണം ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടതെന്നാണ് നിഗമനമെന്നും എന്തായാലും മര്‍ദ്ദിക്കുന്നതിന് തക്ക കാരണങ്ങളില്ലെന്നും കുട്ടിയുടെ അമ്മ സങ്കീത ബെല്ലെ പറയുന്നു.
ശസ്ത്രക്രിയെയ തുടര്‍ന്ന് ഒക്ടോബര്‍ ആറ് മുതല്‍ 15 വരെ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പറയാന്‍ പോലും കുട്ടിക്ക് ഭയമായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ട് പ്രകടപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധന വിധേയമാക്കിയപ്പോള്‍ ഡോക്ടറോടാണ് കുട്ടി എല്ലാം തുറന്ന് പറയുന്നത്. ആശുപത്രി വിട്ടതോടെ പോലീസില്‍ പരാതി കൊടുക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും ബെല്ലെ പറയുന്നു.
















