ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ സമീപം
മംഗലാപുരം: ഭാരതം ഭരിച്ച മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി. കേന്ദ്രം സാധാരണക്കാര്‍ക്കായി അനുവദിക്കുന്ന ഒരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയാക്കി മാറ്റിയതിന് പിന്നിലെ ‘കൈ’ ആരുടേതായിരുന്നെന്ന് മോദി ചോദിച്ചു.
ധര്‍മ്മസ്ഥലയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലിക്കോപ്റ്ററിലാണ് ധര്‍മസ്ഥലയിലെത്തിയത്. മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് യോഗത്തിന് എത്തിയത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കറന്‍സി രഹിതമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് നോട്ട് നിരോധനം വഹിച്ചതെന്ന് മോദി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന പണത്തിലെ ഓരോ രൂപയും ഗ്രാമങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നു എന്ന് ഏറ്റുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ പേര് പറയാതെ മോദി സൂചിപ്പിച്ചു. ഇതുപോലുള്ള സര്‍ക്കാരല്ല തന്റേത്. ഓരോ രൂപയും പൂര്‍ണമായി ജനങ്ങളിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മുന്‍ഗണന.
പുതിയ കാലം ഡിജിറ്റല്‍ കറന്‍സിയുടേതാണ്. പാവപ്പെട്ടവരും നിരക്ഷരരും ഒട്ടേറെയുള്ള രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം വിമര്‍ശകര്‍ ആദ്യം മുതലേ ഉയര്‍ത്തിയിരുന്നു. ഇന്ന് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചതായി ധര്‍മ്മസ്ഥലയിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് റുപേ കാര്‍ഡുകള്‍ വിതരണം ചെയ്ത് മോദി പറഞ്ഞു. ഭീം ആപ്പ് ഉപയോഗിക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ച അദ്ദേഹം പരമാവധി കറന്‍സിരഹിത പണമിടപാടുകള്‍ നടത്താനും ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥലയിലെ വിവിധ പദ്ധതികളിലെ അംഗങ്ങളായ 12 ലക്ഷം പേര്‍ക്കുള്ള റൂപേ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വ്വഹിച്ചത്.
ധര്‍മ്മസ്ഥലയിലെ ചടങ്ങില്‍ രക്ഷാധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദ ഗൗഡ, അനന്തകുമാര്‍, മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍, വസന്ത ബങ്കേര എംഎല്‍എ, ബിജെപി കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, ധര്‍മ്മസ്ഥല പദ്ധതി ഡയറക്ടര്‍ എല്‍.എച്ച് മഞ്ചുനാഥന്‍, ഡോ. യശോവര്‍മ്മ എന്നിവര്‍ സംസാരിച്ചു.
















