പുത്തൂര്‍: വീട്ടിലേക്ക് സുഗമമായി എത്തിച്ചേരാന്‍ വഴിയില്ലാതെ ദുരിതത്തിലാണ് പുത്തൂര്‍ തെക്കുംചേരി ഒറ്റപ്ലാവിള ഭാഗത്തെ കുടുംബങ്ങള്‍. കാവാരത്ത് ഏലായുടെ അതിരിലൂടെയാണ് ഇപ്പോള്‍ റോഡിലേക്കും മറ്റും എത്തിച്ചേരുന്നത്.
താഴ്ന്ന പ്രദേശമായതിനാല്‍ ചെറിയ മഴ പെയ്താല്‍പോലും ഇവിടെ വെള്ളക്കെട്ടായി മാറും. വരമ്പുപോലും കാണാനാവാതെ മുട്ടോളം വെള്ളമായിരിക്കും. പട്ടികജാതി വിഭാഗത്തില്‍പെട്ട മൂന്ന് കുടുംബങ്ങളാണ് പ്രധാനമായും വഴിയില്ലാതെ വിഷമിക്കുന്നത്. വസ്തുക്കള്‍ സ്വന്തമായി ഉള്ളവര്‍ വേറെയുണ്ട്. അസുഖങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ ആളുകളെയും എടുത്ത് വെള്ളക്കെട്ടിലൂടെ അപ്പുറത്ത് എത്തിക്കേണ്ട സ്ഥിതിയാണ്.
മുമ്പൊക്കെ സമീപത്തെ പുരയിടങ്ങളിലൂടെ യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ അതും സാധ്യമല്ലാത്ത സ്ഥിതിയാണ്. ഇവരുടെ ദുരിതാവസ്ഥയ്‌ക്ക് അടിയന്തരപരിഹാരം കാണുന്നതിനായി വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി അന്തര്‍ജനം പരിശ്രമിക്കുന്നുണ്ട്. ജനപ്രതിനിധികളോട് ഈ വിഷയം അവതരിപ്പിച്ചു. എംഎല്‍എ, എംപി എന്നിവര്‍ക്ക് യാത്രാദുരിതം നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
















