തിരുവനന്തപുരം: കെപിസിസി പട്ടികമാറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പട്ടികയില്‍ പി.സി വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. വനിതാ പ്രാതിനിധ്യമടക്കമുള്ള വിഷയങ്ങളിൽ കുരുങ്ങിയ ആദ്യപട്ടികയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതാണ് ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചത്.
പട്ടികക്കെതിരെ കെ. മുരളീധരന്‍ എം.എല്‍.എയും രംഗത്ത് എത്തിയിട്ടുണ്ട്. പട്ടിക അംഗീകരിക്കും മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് മുരളീധരന്‍ ഹൈക്കമാന്റിന് നല്‍കി. ഗ്രൂപ്പ് താത്പര്യങ്ങൾ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കതെന്നും നിലവിലെ പട്ടിക പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ തുടർനടപടികൾ നിറുത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ, വനിതാ സംവരണവും യുവജന പ്രാതിനിദ്ധ്യവും ഉറപ്പാക്കണമെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം പാലിച്ച് ഭേദഗതികൾ വരുത്തിയ അന്തിമ പട്ടിക കഴിഞ്ഞ ദിവസം എം.എം.ഹസൻ സമർപ്പിച്ചിരുന്നു. എന്നാൽ വനിതകളുടെ എണ്ണം കൂടുമ്പോഴും ഗ്രൂപ്പ് മേൽക്കോയ്‌മ നിലനിറുത്താൻ രണ്ടു വിഭാഗങ്ങളും ശ്രമിച്ചിരുന്നു. ഇത് പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
















