ലക്നൗ: പാക്കിസ്ഥാനെ അനുകൂലിക്കുന്ന തരത്തിൽ അടയാളങ്ങൾ പതിപ്പിച്ച ബലൂണുകൾ വിത്പന നടത്തിയ രണ്ട് പേരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. ‘ ഐ ലവ് പാക്കിസ്ഥാൻ’ എന്ന തരത്തിൽ എഴുതിയ ബലൂണുകൾ വിത്പന നടത്തിയ കാൺപുരിലെ ഗോവിന്ദ് നഗറിലെ രണ്ട് കടയുടമകളാണ് പോലീസ് പിടിയിലായത്.
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പോലീസ് പ്രദേശത്ത് നടത്തിയ റെയ്‌ഡിലാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ബലൂണുകൾ കണ്ടെടുത്തത്. ഹിന്ദുയുവ വാഹിനി സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തകനാണ് ബലൂണുകളുടെ വിവരം പോലീസിന് കൈമാറിയത്. തുടർന്ന് പോലീസ് ബലൂണുകൾ പിടിച്ചെടുക്കുകയും കടയുടമകളായ സണ്ണി, സമീർ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് രാജ്യത്തിന് വിദ്വേഷകരമായി പ്രവർത്തിച്ച കേസാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. പഴയ ദൽഹിയിലാണ് ഇത്തരത്തിലുള്ള ബലൂണുകൾ നിർമ്മിക്കുന്നതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
















