ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍ ഭരണപരിഷ്‌ക്കാരം. ഭരണനടപടികളും തീരുമാനങ്ങളും വേഗത്തിലാക്കാനും ചെലവു കുറയ്‌ക്കാനുമുള്ള നടപടികള്‍ക്കാണ് മന്ത്രി പീയൂഷ് ഗോയല്‍ തുടക്കമിട്ടിരിക്കുന്നത്. റെയില്‍വേ ബോര്‍ഡിന്റെ വലിപ്പം വെട്ടിച്ചുരുക്കി. വിവിധ വകുപ്പുകള്‍ ലയിപ്പിച്ചു, അധികാരം ഉന്നത തലത്തില്‍ കേന്ദ്രീകരിക്കാതെ താഴെയുള്ള ഓഫീസര്‍മാര്‍ക്ക് കൈമാറി.
റെയില്‍വേ ബോര്‍ഡിന്റെ വലിപ്പം കുറച്ച് നൂറോളം ഉദ്യോഗസ്ഥരെ മേഖലാ ആസ്ഥാനങ്ങളിലും ഡിവിഷനുകളിലും നിയോഗിച്ചു. കൃത്യമായ ജോലി നടക്കുന്ന സ്ഥലങ്ങളാണിവ. ജനറല്‍ മാനേജര്‍മാര്‍ക്കും ഡിവിഷണല്‍ മാനേജര്‍മാര്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക, ഭരണപരമായ അധികാരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതുവഴി റെയില്‍വേയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൈവരും.കാര്യക്ഷമത കൂടും. 68 ഡിവിഷനല്‍ മാനേജര്‍മാരുടെ എണ്ണം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കും.
ഡിവിഷനുകളാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍. അതിനാല്‍ അവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ട്രെയിന്‍ സര്‍വ്വീസുകള്‍ മെച്ചപ്പെടുത്താന്‍ ഇതാവശ്യമാണ്. ഡയറക്ടര്‍ റാങ്കിലുള്ള 250 ഉദ്യോഗസ്ഥരാണ് ഉള്ളത്. അധികാര വികേന്ദ്രീകരണം വന്നതോടെ ഇവര്‍ ഇനി ആസ്ഥാനത്ത് തന്നെ ഇരിക്കണമെന്നില്ല.
സ്റ്റേഷനുകള്‍ വീണ്ടും വികസിപ്പിക്കും. ആസ്തികള്‍ പണമാക്കി മാറ്റും. ജീവനക്കാരുടെ പരാതികള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള സംവിധാനവും രൂപീകരിച്ചു. പുതിയ സംവിധാനം നടപ്പാകുന്നതോടെ അറ്റകുറ്റപ്പണികള്‍, ട്രെയിന്‍ സര്‍വ്വീസുകള്‍, പുതിയ റെയില്‍പ്പാള നിര്‍മ്മാണം പാതയിരട്ടിപ്പിക്കല്‍ ജോലികള്‍, സിഗ്നല്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം കൂടുതല്‍ വേഗത്തിലാകും. രാജ്യമൊട്ടാകെ എണ്ണൂറോളം വണ്ടികളുടെ വേഗം കൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് ഭരണപരമായ അഴിച്ചുപണി.
മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളും എസി ആകുന്നു
മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളും എസി ആകുന്നു. ആദ്യ ലോക്കല്‍ എസി ട്രെയിന്‍ ജനുവരി ഒന്നിന് ഓടിത്തുടങ്ങും. മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണിത്. ഇപ്പോള്‍ ട്രയല്‍ വിജയകരമായി നടന്നു വരികയാണ്. ചര്‍ച്ച് ഗേറ്റ് മുതല്‍ ബോര്‍വ്‌ലി റൂട്ടിലാകും ആദ്യ ട്രെയിന്‍ ഓടുക. റെയില്‍വേ സുരക്ഷാ ബോര്‍ഡ് പരിശോധന പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനം അനുമതി നല്‍കും. നിരക്ക് ചര്‍ച്ച ചെയ്തുവരികയാണ്.
















