കോട്ടയം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത യുവതിയുടെയും ഭര്‍ത്താവിന്റെയും ഹവാല ബന്ധവും പോലീസ് അന്വേഷിക്കുന്നു. താഴത്തങ്ങാടിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന മൂവാറ്റുപുഴ രാമമംഗലം മാറാടി സ്വദേശിനി സുറുമ ഷെമീറാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് വെസ്റ്റ് എസ്‌ഐ എം.ജെ അരുണ്‍ അറിയിച്ചു.
സുറുമിയുടെ ഭര്‍ത്താവ് ഷെമീര്‍ ഗള്‍ഫിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസര്‍കോടും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് സുറുമിക്കും ഭര്‍ത്താവിനും എതിരെ കേസുണ്ട്. അവിടെ തട്ടിപ്പ് നടത്തിയ ശേഷം ഇരുവരും മുങ്ങുകയായിരുന്നു.
അതേസമയം കോടികളുടെ തട്ടിപ്പ് നടത്തിയത് സുറുമി ഒറ്റയ്‌ക്കയായിരിക്കല്ലെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് സംശയിക്കുന്നത്. തട്ടിപ്പിലൂടെ നേടിയ പണം എന്ത് ചെയ്തുവെന്ന കാര്യത്തിലും വ്യക്തതയില്ല.
ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഹവാല ഇടപാടുകള്‍ ഉണ്ടെന്ന സംശയമുണ്ട്. ഇക്കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സുറുമിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേസമയം ഇവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
















