പറവൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റിലെ ആദ്യ ജീവനക്കാരിയായി ഷൈനിയെത്തി. അഞ്ച് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പുത്തന്‍വേലിക്കര വെണ്‍മനശ്ശേരി രാജീവിന്റെ ഭാര്യ ഷൈനി കണക്കന്‍കടവിലുള്ള ബിവറേജസ് ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.
514 ഒഴിവുകളിലേക്ക് 2008ല്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുകയും 2010ല്‍ പരീക്ഷ നടത്തുകയും 2012ല്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 5263-ാം റാങ്കുകാരിയായി ഷൈനിയെത്തിയെങ്കിലും സ്ത്രീ എന്ന കാരണത്താല്‍ നിയമനം നടന്നില്ല. തുടര്‍ന്ന് 2012ല്‍ ഷൈനി ഹൈക്കോടതിയെ സമീപിക്കുകയും നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2017 ഏപ്രിലില്‍ മൂന്ന് മാസത്തിനുള്ളില്‍ നിയമനം നടത്തണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.
എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയില്ല. തുടര്‍ന്ന് കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനുള്ളില്‍ നിയമനം നടത്തി കോടതിയെ അറിയിക്കണമെന്ന് ഉത്തരവായതോടെയാണ് 20 ന് നിയമന ഉത്തരവ് ലഭിക്കുകയും ഇന്നലെ ഉച്ചയ്‌ക്ക് കണക്കന്‍കടവിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ എത്തി ചാര്‍ജെടുക്കുകയും ചെയ്തത്. അങ്ങനെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതയായി ഷൈനി.
















