കൊല്ലം: മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ട്രിനിറ്റി ലൈസിയം സ്‌കൂളിന് മുന്നില്‍ കുടുംബത്തോടൊപ്പം മരണംവരെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരി നേഘയുടെ മാതാവ് ശാലി. തന്റെ ഇളയകുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ തെറ്റായ ശിക്ഷ ചോദ്യം ചെയ്തതിന് മൂത്തമകള്‍ക്ക് വലിയ ശിക്ഷയാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയതെന്ന് ശാലി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഘ (15) സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച അതിരാവിലെ കുട്ടി മരിച്ചു. സ്‌കൂളിലെ രണ്ട് അധ്യാപകരുടെ നിരന്തര പീഡനമാണ് മരണത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപികമാരായ ക്രെസന്റ്, സിന്ധു എന്നിവര്‍ ഒളിവിലാണ്. കുട്ടി മരിച്ചതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.
ഗൗരിയുടെ ഇളയ സഹോദരി ഇതേ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ കുട്ടി ക്ലാസില്‍ സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം അധ്യാപിക ഇരുത്തിയിരുന്നു. ഇതിനെതിരേ രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിനും മാനേജ്‌മെന്റിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ മാറ്റിയിരുത്താന്‍ തയാറായെങ്കിലും ഇനിയും കുട്ടിയെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുമെന്ന് അധ്യാപിക വൈരാഗ്യബുദ്ധിയോടെ പറഞ്ഞെന്ന് മാതാവ് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഇളയ കുട്ടിയെ വീണ്ടും ആണ്‍കുട്ടികള്‍ക്കൊപ്പമാണോ ഇരുത്തിയത് എന്ന് നോക്കാനായി സഹോദരിയുടെ ക്ലാസില്‍ പോയ ഗൗരിയെ അധ്യാപികയായ സിന്ധു ശകാരിക്കുകയും ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
















