ന്യൂദല്‍ഹി: ജന്മനാടിനെ കഴിയുന്ന വിധത്തില്‍ സേവിക്കണമെന്ന ജ്യേഷ്ഠന്റെ ഉപദേശം അക്ഷരം പ്രതി അനുസരിച്ച് അനുജന്‍. ജ്യേഷ്ഠന്‍ മുഖ്യമന്ത്രിയായി രാജ്യത്തെ സേവിക്കുമ്പോള്‍ സൈനികനായാണ് അനുജന്റെ രാഷ്‌ട്ര സേവനം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുജന്‍ ഷൈലേന്ദ്ര മോഹനുമാണ് രാജ്യത്തിന് വേണ്ടി ഒരേ കര്‍മ്മം ചെയ്യുന്നത്. യോഗി ആദിത്യനാഥിനെ എല്ലാവര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെ കുറിച്ച് അത്ര കണ്ട് പരിചയമുണ്ടാകില്ല. യോഗിയുടെ ഇളയ സഹോദരനായ ഷൈലേന്ദ്ര മോഹന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സുബേദറാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയായ മനായിലെ ഗാര്‍വാള്‍ സ്‌കൗട്ട് യൂണിറ്റിലാണ് ഷൈലേന്ദ്രയെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രദേശ വാസികളായവര്‍ മാത്രമാണ് ഗാര്‍വാള്‍ യൂണിറ്റിലെ സൈനികരെന്നിരിക്കെയാണ് ഷൈലേന്ദ്രയെ കുറിച്ച് അഭിമാനം തോന്നുന്നത്. ജേഷ്ഠനായ യോഗിയെ കാണാന്‍ അവസരം ലഭിക്കാറില്ലെന്നും അവസാനമായി അദ്ദേഹത്തെ കണ്ടത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷം ദല്‍ഹിയില്‍ വെച്ചായിരുന്നെന്നും ഷൈലേന്ദ്ര വ്യക്തമാക്കി.
ഒരു തരത്തില്‍ പറയുകയാണെങ്കില്‍ തങ്ങളലിരുവരും രാജ്യത്തിന് വേണ്ടി ഒരേ കര്‍മ്മമാണ് ചെയ്യുന്നത്. അദ്ദേഹം യുപി മുഖ്യമന്ത്രിയായി രാജ്യത്തെ സേവിക്കുമ്പോള്‍ സൈനികനായാണ് താന്‍ രാജ്യത്തെ സേവിക്കുന്നത്. വീട്ടില്‍ യോഗിയെ മഹാരാജ് ജി എന്നാണ് അറിയപ്പെടുന്നതെന്നും ഷൈലേന്ദ്ര കൂട്ടിച്ചേര്‍ത്തു.
യോഗിക്ക് ഷൈലേന്ദ്രയെ കൂടാതെ മറ്റ് രണ്ട് സഹോദരന്‍മാര്‍ കൂടിയുണ്ട്. മാനവേന്ദ്ര മോഹനാണ് മൂത്ത സഹോദരന്‍. മഹേന്ദ്ര മോഹനാണ് ഇളയ സഹോദരന്‍.
















