തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 6 പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ തത്വത്തില്‍ ഭരണാനുമതി നല്‍കി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ (കാസര്‍കോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ വരുന്നത്.
സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐടിഐയുടെ കൈവശമുളള 8.85 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 3.24 ഹെക്ടര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കിവച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
















