കോട്ടയം: ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന് അര്‍ഹതയുള്ള സംസ്ഥാനത്തെ മുന്‍ രാജകുടുംബാംഗങ്ങള്‍ക്കെല്ലാം തുല്യപെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച് 3000 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
തുല്യപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ക്ഷത്രിയ ക്ഷേമസഭയും പെന്‍ഷന്‍ വാങ്ങുന്നവരില്‍ 54 പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്ന് ഏപ്രിലില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പെന്‍ഷന് അര്‍ഹതയുള്ളവരില്‍ ഏറെയും പ്രായമുള്ളവരായതിനാല്‍ സര്‍ക്കാര്‍ ആറുമാസത്തിനകം തുല്യപെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ സ്‌കീം അനുസരിച്ച് 1949നു മുന്‍പു ജനിച്ച രാജകുടുംബാംഗങ്ങള്‍ക്കാണ് ആജീവനാന്ത പെന്‍ഷന് അര്‍ഹത. അംഗങ്ങളുടെ മരണത്തോടെ പെന്‍ഷന്‍ നിലയ്‌ക്കും. മുന്‍പു നല്‍കിവന്ന 600 രൂപ പിന്നീട് 1000 രൂപയാക്കിയിരുന്നു. എന്നാല്‍ 2011ല്‍ കോട്ടയം ഞാവക്കാട്ട് മീനച്ചില്‍ രാജകുടുംബാംഗങ്ങള്‍ക്കു മാത്രം പെന്‍ഷന്‍ 3000 രൂപയാക്കി. ഇതു വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചിട്ട് അധികകാലമായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞ് സര്‍ക്കാര്‍ ആദ്യം നല്‍കിയ നിവേദനം തള്ളി. സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്നു മുന്‍ ഉത്തരവില്‍ കോടതി പറഞ്ഞതു പരിഗണിക്കാതെ സര്‍ക്കാര്‍ തീരുമാനമെടുത്തുവെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പെന്‍ഷന്‍ വര്‍ധിപ്പിച്ച് അധികകാലമാകാത്തതിനാല്‍ കൂട്ടിക്കിട്ടാന്‍ അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ പറയുന്നത് അന്യായമാണെന്നു കോടതി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ കൂട്ടാനാവില്ലെന്നു പറയുന്നതു ശുഷ്‌കമായ വാദമാണ്. പെന്‍ഷന് അര്‍ഹതപ്പെട്ടവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഹര്‍ജി നല്‍കിയവരില്‍ പലരും ഇന്നു ജീവിച്ചിരിപ്പില്ലെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷത്രിയക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ, സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന്‍, ട്രഷറര്‍ പി.ജി. ശശികുമാര്‍ വര്‍മ്മ എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘം വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ നിവേദനം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തത്. തീരുമാനത്തെ ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു.
















