ഗുവാഹത്തി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം. രണ്ട് യൂറോപ്യന്‍ ടീമുകള്‍ ഏറ്റുമുട്ടാനിറങ്ങുന്ന മത്സരത്തില്‍ മുഖാമുഖം വരുന്നത് ഫ്രാന്‍സും സ്‌പെയിനും.ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് യോഗ്യത നേടിയതെങ്കില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിനിന്റെ വരവ്. കൗമാര കിരീടം മോഹിക്കുന്നവരും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവരുമായ ഇവരുടെ പോരാട്ടത്തിന്റെ കിക്കോഫ് വൈകിട്ട് 5ന് ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമെന്ന ബഹുമതി ഫ്രാന്‍സിനാണ്. മൂന്ന് കളികളില്‍ നിന്ന് 14 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് മൂന്നെണ്ണം മാത്രം. ആദ്യ പോരില്‍ ന്യൂ കാലിഡോണിയയെ 7-1ന് കീഴടക്കി. രണ്ടാം മത്സരത്തില്‍ ജപ്പാനെ 2-1 ന് തകര്‍ത്തു. അവസാന കളിയില്‍ ഹോണ്ടുറാസിന് മേല്‍ 5-1ന്റെ വിജയം. അഞ്ച് ഗോളുകള്‍ അമിനെ ഗൗരിയാണ് ടീമിലെ സൂപ്പര്‍താരം.ഇരട്ട ഗോളുകള്‍ നേടിയ അലക്‌സിസ് ഫ്‌ളിപ്‌സും വില്‍സണ്‍ ഇസിഡോറും എതിരാളികളുടെ പേടി സ്വപ്‌നമാണ്. തികച്ചും സന്തുലിതമായ ടീമാണ് ്രഫാന്‍സിന്റേത്. പ്രതിരോധ-മധ്യ-മുന്നേറ്റനിരകള്‍ തമ്മില്‍ പ്രകടിപ്പിച്ച മികച്ച ഒത്തൊരുമയാണ് അവരുടെ കുതിപ്പിന്റെ ഊര്‍ജ്ജം. മധ്യനിരയില്‍ ക്ലോഡിയോ ഗോമസ് പ്ലേ മേക്കറുടെ റോളിലുണ്ട്.
ഗ്രൂപ്പ് ഡിയില്‍ ബ്രസീലിനോട് ആദ്യ കളിയില്‍ 2-1ന് തോറ്റ് തുടങ്ങിയ സ്‌പെയിന്‍ പിന്നീട് ഉജ്ജ്വല ഫോമിലേക്കുയരുകയായിരുന്നു. രണ്ടാം മത്സരത്തില്‍ നൈജറിനെ 4-0നും അവസാന കളിയില്‍ ഉത്തര കൊറിയയെ 2-0 നും തകര്‍ത്തു. മൂന്ന് കളിയില്‍ നിന്ന് 7 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം. ആദ്യ കളിയില്‍നിറം മങ്ങിയ സൂപ്പര്‍താരം ആബേല്‍ റൂയിസ് ഫോമിലേക്കുയര്‍ന്നതോടെയാണ് സ്‌പെയിന്‍ കുതിപ്പിന് ഊര്‍ജ്ജം ലഭിച്ചത്.
റൂയിസ് രണ്ട് ഗോളുകള്‍ നേടി. മധ്യനിരയിലെ ശ്രദ്ധാകേന്ദ്രമായ സെസാര്‍ ഗെലാബര്‍ട്ടും രണ്ട് ഗോള്‍ നേടി വരവറിയിച്ചിട്ടുണ്ട്. മുഹമ്മദ് മൗഖ്‌ലിസ്, സെര്‍ജിയോ ഗോമസ്, വിങര്‍ ഫെറാന്‍ ടോറസ് തുടങ്ങി മികച്ച താരങ്ങളുടെ ഒരു നിരതന്നെയുണ്ട് സ്‌പെയിനിന്. ഇന്ന് ്രഫാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ അവരുടെ ആത്മവിശ്വാസവും അതുതന്നെയാണ്. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ മുഴുവന്‍ കളിച്ച ഗുവാഹത്തിയില്‍ തന്നെയാണ് സ്‌പെയിനിനെയതിരായ പ്രീ ക്വാര്‍ട്ടറുമെന്നത് ഫ്രാന്‍സിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
















