തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് കുറ്റവാളികളെ കോടതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നിയമം (പ്രിവന്‍ഷന്‍ ഓഫ് ഡാമേജസ് ടു പബ്‌ളിക് പ്രോപ്പര്‍ട്ടി ആക്റ്റ്) അനുസരിച്ച് കേസെടുക്കാനാണ് ഉത്തരവ്. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയുണ്ടാകണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിവസം ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ആവശ്യമായ മരുന്നും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും കോളേജുകളിലും പോകുന്നവര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കണം.
ഇത്തരം വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്കണം. ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയില്‍ രാഷ്‌ട്രീയ സംഘടനകളും ട്രേഡ് യൂണിയനുകളും നടത്തുന്ന ഹര്‍ത്താല്‍ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് പൊതുജനങ്ങളെ ഉപദ്രവിച്ചുകൊണ്ടാകരുത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്‍ത്തകരായ പി.കെ. രാജു, വഴുതക്കാട് അജിത്ത്കുമാര്‍ എന്നിവര്‍ ഫയല്‍ചെയ്ത പരാതികളിലാണ് ഉത്തരവ്.
















