വടകര : സോളാര്‍ തട്ടിപ്പ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആണെന്ന് ബിജുരാധാകൃഷ്ണന്‍. കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥനും സോളാര്‍ കമ്പനി ആരംഭിക്കാനുള്ള പദ്ധതി ആദ്യമായി തന്നെ ഏല്‍പ്പിച്ചതും ഗണേഷ് കുമാറാണെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്നും, മരണമൊഴിരേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അഡ്വ.പി.പി വിനീത് മുഖേന ഇന്നലെ വടകര കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യം പറഞ്ഞത്. ഗണേഷ്‌കുമാറിന്റെ ബിനാമി പ്രതിനിധിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേഷ് കുമാറിന് നല്‍കിയിട്ടുമുണ്ട്.
ഗണേഷിനുള്ള പങ്ക് പറഞ്ഞാല്‍ തന്നെയും അമ്മയെയും, സഹായിക്കുന്നവരെയും ജീവനോട് വച്ചേക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക ഉന്നത തല ബന്ധങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നത്. ജുഡീഷ്യറിയെയും മുഖ്യമന്ത്രിയെയും ഉത്തമ വിശ്വാസമുള്ളതിനാലാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സങ്കട ഹര്‍ജിയില്‍ പറഞ്ഞു.
കോടതിയില്‍ കൊണ്ടുവരുന്ന വഴി തന്റെ അഭിഭാഷക നിഷ കെ. പീറ്ററിന്റൈ ഫോണില്‍ എതിര്‍കക്ഷികളുടെ സഹായത്തോടെ സരിത വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തന്റെ ഹരജി മരണമൊഴിയായി രേഖപ്പെടുത്തണമെന്നും ബിജു ആവശ്യപ്പെട്ടു. ഈ ആവശ്യംകോടതി തള്ളി.
















