കോട്ടയം: സോളാര്‍ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ ജയിലില്‍ അടയ്‌ക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഡോ. ജിവിഎല്‍ നരസിംഹറാവു ആവശ്യപ്പെട്ടു.
ഇവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഒത്തുതീര്‍പ്പ് രാഷ്ടീയത്തിലൂടെ യുഡിഎഫും എല്‍ഡിഎഫും അവരെ രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് രാഷ്ടീയ പ്രേരിതമല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. സോളാര്‍കേസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി-ലൈംഗിക പീഡനകേസാണ്.
സംഘടിത മതപരിവര്‍ത്തനത്തിനെതിരെ സിപിഎം മൗനത്തിലാണ്. ഇക്കാര്യത്തില്‍ ഇവിടെയുള്ള ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത ആശങ്കയിലാണ്. പല വിദേശ തീവ്രവാദ സംഘടനകളുടെയും വിളനിലമാണ് കേരളം. കരസേനയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ഇന്റ്റലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















