ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ വട്ടിയാംതോട് ടൗണില്‍ നാല്‍പ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ ഗ്രാമീണ്‍ബാങ്ക് ശാഖ ഇവിടെനിന്നും മണിക്കടവിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ അധികൃതര്‍ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്ന് ഇതിനെതിരെ രൂപീകരിച്ച നാട്ടുകാരുടെ ആക്ഷന്‍ കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ബാങ്കില്‍ ആയിരത്തോളം പേരുടെ അക്കൗണ്ടുകള്‍ നിലവിലുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൂടി കണക്കിലെടുത്താല്‍ ഇടപാടുകാര്‍ക്കെല്ലാം ബാങ്ക് ഇവിടെ തന്നെ തുടരുന്നതാണ് ഏറെ സൗകര്യം. മറ്റൊരു ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതുകൊണ്ടും സാധാരണക്കാര്‍ ഏറെ ഇടപാടുകാരായുള്ള ബാങ്ക് എന്ന നിലയിലും ഈ ശാഖ ഇവിടെ നിന്നും മാറ്റാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിവേദനം ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ഷന്‍കമ്മറ്റി ചെയര്‍മാന്‍ ഷാജി പൂപ്പള്ളില്‍, കണ്‍വീനര്‍ എം.ജെ.ചാര്‍ളി, മറ്റു ഭാരവാഹികളായ സി.ജെ.തങ്കച്ചന്‍, സെബാസ്റ്റ്യന്‍ നെല്ലിവേലില്‍ എന്നിവര്‍ പങ്കെടുത്തു.
















