തിരുവനന്തപുരം: ധോണിയുടെ നാട്ടുകാരെ കേരളം എറിഞ്ഞിട്ടു. ബൗളര്‍മാര്‍ ആഞ്ഞടിച്ച രഞ്ജി ട്രോഫിയിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കേരളം കരുത്തരായ ഝാര്‍ഖണ്ഡിനെ ഒമ്പത് വിക്കറ്റിനു തോല്‍പിച്ചു. ഒന്നരദിനം ശേഷിക്കെയാണ് വിജയം പിടിച്ചത്.
33 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കേരളം ഒരുവിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഒന്നാം ഇന്നിങ്ങ്‌സില്‍ 57 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്ങ്‌സില്‍ ഝാര്‍ഖണ്ഡിനെ 89 റണ്‍സിന് പുറത്താക്കിയതോടെയാണ് വിജയലക്ഷ്യം 33 റണ്‍സായത്.
സ്‌കോര്‍ ഝാര്‍ഖണ്ഡ് 202 & 89, കേരളം 259 & ഒന്നിന് 34
രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത കേരളത്തിന്റെ ഇറക്കുമതിതാരം സക്‌സേനയുടെ ബൗളിംഗ് മികവാണ് ഝാര്‍ഖണ്ഡിനെ തകര്‍ത്തത്. മല്‍സരത്തിലാകെ 11 വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റ് നേടിയിരുന്നു. മോനിഷ് നാലു വിക്കറ്റ് വീഴ്‌ത്തി.
57 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിന് രണ്ടാം ഇന്നിങ്‌സിലും ശോഭിക്കാനായില്ല. 89 റണ്‍സിന് പുറത്തായി. 44 പന്തില്‍ 26 റണ്‍സെടുത്തു പുറത്താകാതെ നിന്ന സൗരഭ് തിവാരിയാണ് ടോപ് സ്‌കോറര്‍. ബാബുല്‍ കുമാര്‍ (2), ഇഷാന്‍ കിഷന്‍ (14), നസീം സിദ്ധിഖി (3), വിരാട് സിങ് (16), ജഗ്ഗി (3), കുശാല്‍ സിങ് (6), സണ്ണി ഗുപ്ത (0), വരുണ്‍ ആരോണ്‍ (2), ആശിഷ് കുമാര്‍ (11), ഖാദ്‌രി (0) എന്നിവര്‍ക്കൊന്നു കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
33 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം അഞ്ച് ഓവറില്‍ ലക്ഷ്യം കണ്ടു. 21 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കാണ് വിജയം വേഗത്തിലാക്കിയത്. അഞ്ചു പന്തില്‍ ഒരു റണ്ണെടുത്ത ജലജ് സക്‌സേന പുറത്തായെങ്കിലും രോഹന്‍ പ്രേമിനൊപ്പം (നാലു പന്തില്‍ രണ്ട്) അരുണ്‍ കാര്‍ത്തിക് കേരളത്തെ വിജയത്തിലെത്തിച്ചു.
വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറു പോയിന്റോടെ കേരളം രണ്ടാമതാണ്. ഹരിയാനയെ ബോണസ് പോയിന്റോടെ തോല്‍പ്പിച്ച സൗരാഷ്‌ട്ര ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഗുജറാത്തിനെതിരെ ഒക്‌ടോബര്‍ 14 മുതലാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ഗുജറാത്തിലെ നഡിയാഡില്‍വെച്ചാണ് കളി നടക്കുക.
















