ആലപ്പുഴ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു തന്റെ പാര്‍ട്ടി ഫാസിസ്റ്റാണെന്ന്. ആലപ്പുഴയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് തലേന്ന് 2015 ഫെബ്രുവരി 19ന്.
വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് താന്‍ കൂടി വളര്‍ത്തിയെടുത്ത പാര്‍ട്ടി ഫാസിസമാണ് നടപ്പാക്കുന്നതെന്ന് വിഎസ് തിരിച്ചടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ചാണ് അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഫാസിസ്റ്റുകള്‍ തന്നെയാണെന്ന് അന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചത്.
തനിക്കെതിരെയെന്തോ അച്ചടക്കനടപടിയെടുത്തതായി അയാള്‍ (പിണറായി) പറഞ്ഞിരിക്കുന്നു. ഇത് താന്‍ അവജ്ഞയോടെ തള്ളുകയാണെന്നും വിഎസ് അന്ന് പ്രതികരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരോട് ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിച്ച് ഫാസിസ്റ്റ് മുഖമാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.
കേന്ദ്ര കമ്മറ്റിയംഗവും പ്രതിപക്ഷ നേതാവുമായ അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരം താഴ്‌ന്നെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തിയതായാണ് പിണറായി പത്രസമ്മേളനത്തില്‍ അറിയിച്ചത്.
വിഭാഗീയ ഉദ്ദേശത്തോടെയാണ് വിഎസ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വിഎസ് സങ്കല്‍പ്പ കഥകള്‍ ചമയ്‌ക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു. അച്യുതാനന്ദന്‍ വരെ ഫാസിസ്റ്റാണെന്ന് കണ്ടെത്തുകയും പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്ത സിപിഎം ഇന്ന് മറ്റു പാര്‍ട്ടികളെ ഫാസിസ്റ്റായി മുദ്രകുത്താന്‍ കുപ്രചാരണം നടത്തുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.
പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും ഇതുവരെ ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പ്രകാശ് കാരാട്ടും പക്ഷക്കാരും ബിജെപിക്ക് ഫാസിസ്റ്റ് മനോഭാവമാണുള്ളതെന്ന് പറയുമ്പോള്‍ സീതാറാം യെച്ചൂരിയുടെ നിലപാട് ബിജെപി ഫാസിസ്റ്റാണെന്നാണ്.
ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത തുടരുമ്പോഴാണ് സിപിഎം സ്ഥാപക നേതാവ് തന്നെ യാതൊരു ആശയക്കുഴപ്പവുമില്ലാതെ തന്റെ പാര്‍ട്ടിയാണ് ഫാസിസ്റ്റെന്ന് പ്രഖ്യാപിച്ചത്. സിപിഎം പിന്നീട് വിഎസിനെതിരായുള്ള നടപടിയില്‍ നിന്ന് പിന്മാറിയെങ്കിലും അച്യുതാനന്ദന്‍ തന്റെ പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല.
















