അഗളി: അട്ടപ്പാടി അഗളി സര്‍ക്കാര്‍ സ്‌കൂളിലെ പിങ്ക് ടോയ്‌ലറ്റ് സംവിധാനം രാജ്യത്തുടനീളം നടപ്പാക്കാന്‍ കേന്ദ്ര തീരുമാനം. ഇതുസംബന്ധിച്ച് അണ്ടര്‍ സെക്രട്ടറി ഗോപാല്‍ ജഹ എല്ലാ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും സ്വച്ഛ് ഭാരത് മിഷന്‍ ഡയറക്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു.
ആഗസത് 15നാണ് അഗളി സര്‍ക്കാര്‍ സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കിയത്.
ആര്‍ത്തവ കാലങ്ങളില്‍ ഉണ്ടാകുന്ന വിഷമതകളെയും സൗകര്യക്കുറവുകളെയും ഭയന്ന് പഠനത്തിന് അവധി നല്‍കുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പിങ്ക് ടോയ്‌ലറ്റ്. രണ്ട് ശൗചാലയങ്ങളും, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും, നാപ്കിന്‍ ഡിസ്‌ട്രോയറും അടങ്ങുന്നതാണ് പിങ്ക് ടോയ്‌ലറ്റ്. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇതിനായുള്ള ചിലവ്.
കേരളത്തില്‍ ആദ്യമായി ഈ സംവിധാനം അഗളി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കിയത് അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ ആന്റ് മെഡിക്കല്‍ സെന്ററാണ്. പിങ്ക് ടോയ്‌ലറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അഗളി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്താണ് കേന്ദ്രസര്‍ക്കാരിന്റെ പ്രശംസക്ക് കാരണമായത്.
പിങ്ക് ടോയ്‌ലറ്റിന്റെ സവിശേഷതകളുടെ വിശദമായ രൂപരേഖയും പ്രധാനമന്ത്രിക്കയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യത്തൊട്ടാകെയുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം അട്ടപ്പാടി മാതൃകയിലുള്ള പിങ്ക് ടോയ്‌ലറ്റ് പദ്ധതി സ്വച്ഛ്ഭാരത് മിഷനു കീഴില്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചത്.
തന്റെ ചെറിയൊരു ആശയം രാജ്യമൊട്ടാകെ അംഗീകരിക്കപ്പെടുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും, ഈ ഒരു ആശയത്തിനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ചതില്‍ പ്രധാനമന്ത്രിയോട് അതീവ നന്ദിയുണ്ടെന്നും ശാന്തി ഇന്‍ഫര്‍മേഷന്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകയായ ഉമ പ്രേമന്‍ പറഞ്ഞു.
















