പിണറായി: ചെങ്കോട്ടയെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പിണറായിയില്‍ എത്തിയ ജനരക്ഷാ യാത്രയെ പരാജയപ്പെടുത്താന്‍ നാടകം കളിച്ച സിപിഎം പൊതു സമൂഹത്തില്‍ പരിഹാസ്യരായി. കടകളടപ്പിച്ചും നാട്ടുകാരായ പ്രദേശവാസികളെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തിയും യാത്ര എത്തുമ്പോള്‍ പിണറായി ടൗണിനെ വിജനമാക്കി ഹര്‍ത്താലിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുളള സിപിഎം നേതൃത്വത്തിന്റെ ശ്രമം പാളിയതോടെയാണ് സിപിഎമ്മിന്റെ നേതൃത്വം സ്വയം പരിഹാസ്യരായത്.
പാര്‍ട്ടിയുടെ തീട്ടൂരത്തെ അവഞ്ജയോടെ പൂര്‍ണ്ണമായും തളളി ജനനായകരെ കാണാനും യാത്രയെ കാണാനും പാര്‍ട്ടി സഖാക്കളും കുടുംബാംഗങ്ങളും ഒന്നാകെ യാത്ര കടന്നു പോയ പിണറായിയിലെ വീഥികളില്‍ തടിച്ചു കൂടി. അടച്ചിട്ട കടകള്‍ക്ക് മുന്നിലെല്ലാം നൂറുകണക്കിന് ജനങ്ങളാണ് എത്തിയത്. പലരും യാത്രയിലെ ജനപങ്കാളിത്തം കണ്ട് സ്തബ്ദരായി. നിരവധി പേര്‍ യാത്ര മുഴുവന്‍ സമയവും മൊബൈല്‍ ഫോണുകളിലും ക്യാമറകളിലും പകര്‍ത്തുന്നതും കാണാമായിരുന്നു. പിണറായിയില്‍ ജാഥയെ സ്വീകരിക്കാന്‍ വന്നെത്തിയ ജനസഞ്ചയത്തെ കണ്ട് യാത്രാഗങ്ങളും അത്ഭുതപ്പെട്ടു.
















