ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ദല്‍ഹിയിലെ ഉദ്ഘാടന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കേളീശൈലിയുടെ വക്താക്കളായ കൊളംബിയ ആഫ്രിക്കന്‍ വന്യതയുമായി എത്തുന്ന ഘാനയെ നേരിടും.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആറാം തവണയാണ് കൊളംബിയ പന്തു തട്ടാനെത്തുന്നത്. മിന്നുന്ന ഫോമില്‍ കളിക്കുന്ന ആക്രമണ നിരയുടെ ഗോളടിക്കാനുള്ള കഴിവാണ് കരുത്ത്. അതിവേഗ നീക്കങ്ങളാണ് കൊളംബിയന്‍ ഫുട്‌ബോളിന്റെ ശൈലി.
മധ്യനിരയിലെ മിന്നും താരം യാദിര്‍ മെനെസസിലാണ് പ്രതീക്ഷ. കൊളംബിയയുടെ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ പിന്‍ഗാമി എന്ന വിശേഷണവുമായാണ് യാദിര്‍ മെനെസസ് എത്തുന്നത്. സാന്റിയാഗോ, ജുവാന്‍ പെനലോസ, ജാമിന്റന്‍ കാംപസ് എന്നിവര്‍ ആക്രമണത്തിന്റെ കുന്തമുനകളാണ്.
രണ്ട് തവണ കൗമാര ലോകകപ്പ് നേടിയതിന്റെ അഹങ്കാരവുമായാണ് ഘാനയുടെ വരവ്. രണ്ട് പ്രാവശ്യം റണ്ണറപ്പായി. ഇത്തവണ അവര്‍ ലോകകപ്പിനെത്തുന്നത് നാല് ടൂര്‍ണമെന്റുകളുടെ ഇടവേളയ്‌ക്കുശേഷം.
എതിരാളികളുടെ വലകുലുക്കാനുള്ള മികവ് തന്നെയാണ് ഘാനയുടെ ശക്തി. മുന്‍നിര താരങ്ങളില്‍ ചിലര്‍ പരിക്കിന്റെ പിടിയിലാണെന്നതു പ്രശ്‌നമാണ്. നായകന്‍ എറിക് ഐയ തന്നെയാണ് ശ്രദ്ധേയതാരം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നാല് ഗോളടിച്ച് ടോപ് സ്‌കോറര്‍ പട്ടവും ചൂടിയാണ് എറിക്കിന്റെ വരവ്. തുല്യ ശക്തികളുടെ പോരാട്ടമാവും എന്നതിനാല്‍ കളി ആവേശകരമാവും.
















