ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയ്‌ക്ക് കരുത്ത് പകരുന്നത് സഹോദരങ്ങള്‍- ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങ്ങും കസിന്‍ ജീക്ക്‌സണ്‍ സിങ്ങും. ആറാം വയസ്സുമുതല്‍ ഇവര്‍ ഒരുമിച്ചാണ് മധ്യനിരയില്‍ കളിക്കുന്നത്.സ്‌കൂള്‍ ടീമിലും ചാണ്ഡിഗഢ് ഫുട്‌ബോള്‍ അക്കാദമിയിലും ഒരുമിച്ച് പന്ത് തട്ടി.
‘വര്‍ഷങ്ങളായി ഞങ്ങള്‍ മധ്യനിരയില്‍ കളിക്കുന്നു. പന്തടക്കത്തിലും പാസിങ്ങിലും മികച്ച ധാരണയോടെയാണ് കളിക്കുന്നത്. ആറുമാസം മുമ്പാണ് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ കളിക്കാന്‍ തുടങ്ങിയത്’ ജീക്ക്‌സണ്‍ പറഞ്ഞു. ജീക്ക്‌സണിന്റെ പിതാവ് ഡെബനാണ് ഇരുവരെയും ഫുട്‌ബോളിലേയ്‌ക്ക് കൊണ്ടുവന്നത്. അന്ന് ആര്‍ക്കും വലിയ പ്രതീക്ഷകളൊന്നുമുണ്ടായില്ല. എന്നാല്‍ ഇന്ന് അവര്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായി മാറിയിരിക്കുകയാണ്.
ലോകകപ്പിലെ വെല്ലുവിളി നേരിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഒട്ടേറെപ്പേരുടെ വിശ്വാസം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കും. കഠിന പരിശീലനത്തിനുശേഷമാണ് മത്സരിക്കാനിറങ്ങുന്നത്. കഴിവ് തെളിയിക്കുമെന്നും ജീക്ക്‌സണ്‍ പറഞ്ഞു.
ആറുമാസമായി ഇവര്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഒത്തുചേര്‍ന്നിട്ട്. ഇന്ത്യ 4-2-3-1 ഫോര്‍മാറ്റില്‍ കളിക്കുന്ന സാഹചര്യത്തില്‍ ഈ കൂട്ടുകെട്ടിനെ അവഗണിക്കാനാകില്ല. മെക്‌സിക്കോയില്‍ നടന്ന ചതുര്‍ രാഷ്‌ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കോച്ച് മാറ്റോസ് മധ്യനിരയില്‍ ഇവരെ പരീക്ഷിച്ചതാണ്.
















