പനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ(54) ഗോവ കോടതി മാനഭംഗ കുറ്റം ചുമത്തി. നാലു വര്‍ഷം മുമ്പ് കമ്പനിയുടെ ഗോവയില്‍ വെച്ചു നടന്ന ചടങ്ങിനിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് കേസിനാസ്പദമായ സംഭവം.
ഐപിസി സെക്ഷന്‍ 341, 342, 354 എ, ബി, 376 എന്നീ വകുപ്പുകള്‍ പ്രകാരമാണ് തേജ്പാലിനെതിരെയുള്ള കുറ്റം ചുമത്തിയിരിക്കുന്നത്. നവംബര്‍ 21 മുതല്‍ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കുറ്റം ചുമത്തുന്നത് നീട്ടിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് തേജ്പാലിന്റെ അഭിഭാഷകന്‍ ഗോവ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് അംഗീകരിച്ചില്ല. അതിനിടെ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് തേജ്പാല്‍ ബോംബെ ഹോക്കോടതിയിലും കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയെങ്കിലും തള്ളി.
2013ലാണ് നവംബറില്‍ ഗോവയിലെ ഹോട്ടലില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായാണ് തേജ്പാലിനെതിരായ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയും ചെയ്തു.
















