ഭാരതീയ സംസ്‌കാരവും പൈതൃകവും അനുസരിച്ച് ചിരപുരാതനകാലം മുതല്‍ ഓരോ ഉപാസനാ മൂര്‍ത്തികളെ ആദരിച്ച് അനുഷ്ഠിച്ചുവരുന്നത് ജീവിതശൈലിയുടെ ഭാഗമാണ്. വിദ്യാദേവതയായി ലക്ഷ്മീദേവിയേയും, ശക്തിസ്വരൂപിണിയായി ദുര്‍ഗ്ഗാദേവിയേയും, വിഘ്‌നങ്ങള്‍ ഇല്ലായ്‌മ ചെയ്യുന്നതിനുവേണ്ടി വിഘ്‌നേശ്വരനേയും ഉപാസിച്ചുവരുന്നു.
അതുപോലെ തൊഴിലിന്റെ അധിഷ്ഠാന ദേവനും ദേവശില്‍പ്പിയും വിശ്വശില്‍പ്പിയുമായ വിശ്വകര്‍മ്മാവിനെ ഉപാസിക്കുക എന്നുള്ളത് തൊഴിലാളികളുടെ ജീവിതത്തിന്റെ സുപ്രധാനമായ കര്‍ത്തവ്യമാണ്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിശ്വകര്‍മ്മാവിന്റെ ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
അഷ്ടവസുക്കളില്‍ എട്ടാമത്തെ ആളായ പ്രഭാസന്റെയും, ദേവഗുരു ബൃഹസ്പതിയുടെ സഹോദരി വരസ്ത്രീയുടെയും മകനാണ് വിശ്വകര്‍മ്മാവ്. തൊഴിലാളികളുടെ എല്ലാവിധ പണിയായുധങ്ങളും സൃഷ്ടിച്ചത് വിശ്വകര്‍മ്മാവാണ്. വിഷ്ണുവിനുവേണ്ടി സുദര്‍ശനചക്രം, ശിവന്റെ തൃശൂലം, സുബ്രഹ്മണ്യന്റെ വേല്‍, ഇന്ദ്രനുവേണ്ടി രഥം, പുഷ്പകവിമാനം തുടങ്ങിയ നിരവധി യുദ്ധോപകരണങ്ങളുടെയും ഉപജ്ഞാതാവ് വിശ്വകര്‍മ്മാവാണ്.
ലോകത്തിലെ ആദ്യത്തെ കേശാലങ്കാര വിദഗ്‌ദ്ധന്‍, വാസ്തുശില്‍പ്പി എന്നീ ബഹുമുഖ പ്രതിഭയായിരുന്നു വിശ്വകര്‍മാവ്. ഇന്ദ്രലോകം, പാതാളം, ദ്വാരക, വൃന്ദാവനം, ഹസ്തിനപുരി, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ലോകോത്തര രമ്യഹര്‍മ്മ്യങ്ങളും രാജധാനികളും നിര്‍മിച്ചത് വിശ്വകര്‍മ്മാവാണ്.
നമ്മുടെ പാരമ്പര്യമനുസരിച്ച് തൊഴിലാളികള്‍ ജോലി ആരംഭിക്കുന്നതിന് മുന്‍പ് പണിയായുധങ്ങളെ തൊട്ടുനമസ്‌കരിക്കുന്നത് വിശ്വകര്‍മ്മാവിനോടുള്ള പ്രാര്‍ത്ഥനയാണ്. ഭാരതത്തിലെ തൊഴിലാളികള്‍ക്ക് തൊഴിലാളി ദിനമായി ആചരിക്കേണ്ട ശ്രേഷ്ഠമായ ദിനം വിശ്വകര്‍മ്മജയന്തിതന്നെയാണ്.
നമ്മുടെ സംസ്‌കാരവും പൈതൃകവും ദേശസ്‌നേഹവും സമര്‍പ്പണ മനോഭാവവും ത്യാഗവും എല്ലാംതന്നെ വിശ്വകര്‍മ്മജയന്തി ചിന്തകളിലൂടെ മനസ്സിലും ചിന്തയിലും കര്‍മ്മത്തിലും തൊഴിലാളികളില്‍ പ്രതിഫലിക്കുന്നതാണ്.
1955 ജൂലായ് 23 ന് ബിഎംഎസ് രൂപീകരിക്കുന്ന അവസരത്തില്‍തന്നെ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു. രാജ്യത്തെ ഏറ്റവും നല്ല മാതൃകാ തൊഴിലാളിക്കും തൊഴില്‍ ദാതാവിനും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം ‘വിശ്വകര്‍മ്മ പുരസ്‌കാരം’ ആണ്.
വിശ്വകര്‍മ്മജയന്തി ദിനം വിഭിന്ന ദേശങ്ങളില്‍ ഭദ്രപദ ശുക്ല പഞ്ചമി ദിനത്തിലും, മാഘശുക്ല ത്രയോദശി ദിനത്തിലും ആചരിക്കപ്പെടുന്നുണ്ട്. രാജ്യവ്യാപകമായി ഏകീകൃത ദിനമായി സെപ്തംബര്‍ 17 ആണ് ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മറ്റു തൊഴിലാളി സംഘടനകളും മെയ് ഒന്നിനാണ് തൊഴിലാളി ദിനമായി ആചരിക്കുന്നത്. 1958-മുതല്‍ കേന്ദ്ര സര്‍ക്കാര്‍ മെയ് ഒന്ന് ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1886-ല്‍ അമേരിക്കയിലെ മാന്‍സ്‌ക്വയറില്‍ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സമരം നടക്കുകയും, സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുകയും, അതില്‍ നാല് തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്ത സംഭവമാണ് മെയ് ദിനത്തിനാധാരമായ ചരിത്രം.
1917-ല്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണം നിലവില്‍വന്നതോടുകൂടിയാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കാനുള്ള തീരുമാനം എടുത്തത്. അതിന് മുന്‍പ് മെയ് ഒന്ന് ഫാസിസ്റ്റ് വിരുദ്ധദിനമായിട്ടാണ് ആചരിച്ചുവന്നത്. സ്റ്റാലിനും ഹിറ്റ്‌ലറും കൈകോര്‍ത്തതോടുകൂടി കമ്യൂണിസ്റ്റുകളുടെ ഫാസിസ്റ്റ് ദിനം മെയ് ദിനമായി മാറുകയാണ് ചെയ്തത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിന് ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്ത നാടാണ് നമ്മുടേത്. അത്രയും ഉത്കൃഷ്ടമായ ത്യാഗമനോഭാവവും ആത്മവിശ്വാസവും ആവേശവും നല്‍കുന്ന ചിന്തകള്‍ വേറെയൊന്നിനുമില്ല. ലോകത്ത് ആകമാനം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ഭരണകൂടങ്ങളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. ക്യൂബയിലും ഉത്തരകൊറിയയിലും മാത്രമായി അവശേഷിച്ചിരിക്കുന്നു.
അതും അനതിവിദൂരമായ ഭാവിയില്‍ അപ്രത്യക്ഷമാകും. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത, ജനാധിപത്യമില്ലാത്ത, പ്രതിപക്ഷമില്ലാത്ത, തെരഞ്ഞെടുപ്പില്ലാത്ത സാമൂഹ്യവ്യവസ്ഥിതി ആര്‍ക്കുവേണം? അതുകൊണ്ടുതന്നെ മെയ്ദിനം വഞ്ചനാദിനമാണ്. വിശ്വകര്‍മ്മ ജയന്തി തൊഴിലാളി സമൂഹത്തിന് നിറഭേദങ്ങളും പ്രതീക്ഷാനിര്‍ഭരമായ ഭാവിയും പ്രദാനം ചെയ്യുന്നു.
വര്‍ഗ്ഗസംഘര്‍ഷം എന്ന പ്രാകൃത ചിന്താഗതി ഉപേക്ഷിച്ച് വര്‍ഗ്ഗസമന്വയത്തിലൂടെ ദീപ്തപൂര്‍ണമായ ഐശ്വര്യവും പുരോഗതിയിലും കൈവരിക്കാന്‍ അധ്വാനം ആരാധനയായി കരുതി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനം അതിശക്തമായി മുന്നോട്ടുപോവുകയാണ്.
തൊഴിലാളികളുടെ ഭൗതികമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനോടൊപ്പം അവരുടെ ഉത്തരവാദിത്തം, അച്ചടക്കം, കടമകള്‍, സാമൂഹ്യ പ്രതിബദ്ധത, അചഞ്ചലമായ ദേശസ്‌നേഹം തുടങ്ങിയ സവിശേഷമായ ഗുണഗണങ്ങള്‍ തൊഴിലാളികളില്‍ വളര്‍ത്തിയെടുക്കുന്നതിന് മുന്തിയ പരിഗണനയാണ് ബിഎംഎസ് നല്‍കിവരുന്നത്.
ബിഎംഎസ് സ്ഥാപകനായ സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ബിഎംഎസ് തൊഴിലാളി രംഗത്തെ വേറിട്ട ശബ്ദമാണ്. തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളാല്‍ നയിക്കപ്പെടുന്ന, കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ സ്വതന്ത്ര തൊഴിലാളി സംഘടനയാണ് ബിഎംഎസ്.
62 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് രാജ്യത്തെയും ലോകത്തെയും ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറുവാന്‍ കഴിഞ്ഞത് ബിഎംഎസ് മുന്നോട്ടുവച്ച ആദര്‍ശത്തിന്റെയും നയസമീപനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സ്വീകാര്യതകൊണ്ടാണ്. തൊഴിലാളി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏക സംഘടന ബിഎംഎസ് മാത്രമാണ്. സര്‍ഗ്ഗാത്മകവും ഭാവാത്മകവുമായ നിരവധി മാറ്റങ്ങള്‍ക്ക് രൂപംനല്‍കുവാന്‍ ബിഎംഎസിന്റെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ബിഎംഎസിന്റെ ഇടപെടലുകൊണ്ടും സമ്മര്‍ദ്ദംകൊണ്ടും തൊഴിലാളികള്‍ക്ക് ഗുണകരമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് തൊഴിലാളി സംഘടനാ ചരിത്രത്തിലെ പുതിയ അധ്യായമാണ്.
സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയാക്കി, പ്രൊവിഡന്റ് ഫണ്ട് പരിധി 6500 രൂപയില്‍നിന്ന് 15,000 ആക്കി, ഇഎസ്‌ഐ പരിധി 15,000 രൂപയില്‍നിന്ന് 25,000 ആക്കി, രാജ്യത്തെ മിനിമം കൂലി 10,350 രൂപയാക്കി, വേജ് കോഡ് നടപ്പിലാക്കി, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു, ഗ്രാറ്റിവിറ്റി സീലിങ് 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയര്‍ത്തി, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയില്‍നിന്ന് 240 രൂപയായും, 240 രൂപയില്‍നിന്ന് 299 രൂപയായും വര്‍ധിപ്പിച്ചു എന്നിങ്ങനെ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്.
ഇനിയും ഒട്ടനവധി കാര്യങ്ങള്‍ തൊഴിലാളിക്ക് ലഭ്യമാകാനുണ്ട്. അതിനുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിന്റെ പാതയിലാണ് ബിഎംഎസ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. 16 മാസം പിന്നിടുന്ന സര്‍ക്കാര്‍ ഇതുവരെയായിട്ടും തൊഴിലാളികള്‍ക്ക് ഗുണകരമായ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തെ മദ്യാലയമാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
അക്രമവും അരാജകത്വവും മൂലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണ്. തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ എന്നുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ മുതലാളി വര്‍ഗ്ഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനോടുള്ള അന്ധമായ വിരോധം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
രാജ്യത്തിന്റെ ചാലകശക്തിയായ തൊഴിലാളി സമൂഹത്തിന് യഥാര്‍ത്ഥമായ ദിശാബോധം നല്‍കി നിശ്ശബ്ദമായ സാമൂഹ്യ വിപ്ലവമാണ് ബിഎംഎസ് സൃഷ്ടിക്കുന്നത്. വ്യവസ്ഥിതിയെ മാറ്റിമറിക്കാന്‍ ഓരോ പൗരന്റേയും അവനുള്‍പ്പെടുന്ന കുടുംബത്തിന്റെയും മനഃസ്ഥിതിയില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ പരിവര്‍ത്തനം സ്വായത്തമാകും. അതിനുള്ള പ്രേരണാസ്രോതസ്സാവാന്‍ വിശ്വകര്‍മ്മജയന്തി ചിന്തകള്‍ക്ക് കഴിയും.
(ബിഎംഎസ് ദേശീയ സമിതിയംഗമാണ് ലേഖകന്‍
















