കണ്ണൂര്‍: സഞ്ചാരികള്‍ക്ക് മിഴിവേകാന്‍ കണ്ണൂര്‍ കോട്ടയില്‍ ആരംഭിച്ച സിംഗപ്പൂര്‍ മോഡല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നിര്‍ത്തിയതോടെ ഉപകരണങ്ങള്‍ നശിക്കുന്നു. കണ്ണൂര്‍ കോട്ടയുടെ ഐതിഹ്യവും യുദ്ധവും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ച് ശബ്ദ, വെളിച്ച വിന്യാസങ്ങളുള്‍പ്പെടുത്തി തയ്യാറാക്കിയ വിനോദ പരിപാടിയുടെ പ്രദര്‍ശനമാണ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ നിര്‍ത്തിവെച്ചത്.
സഞ്ചാരികള്‍ക്ക് ഷോ ആസ്വദിക്കാനായി ഒരുക്കിയ ഇരിപ്പടം മഴയും വെയിലും കൊണ്ട് നശിച്ചുകഴിഞ്ഞു. നിറംമങ്ങിയ പ്ലാസ്റ്റിക് കസേരകള്‍ക്ക് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും ഇത് നിലംപൊത്തും. കൂടാതെ ഇരിപ്പിടത്തിന്റെ ഇരുമ്പുകൊണ്ടുള്ള പടികള്‍ മുഴുവന്‍ കാടുകയറി നശിച്ചു. ഷോയ്‌ക്കായി സ്ഥാപിച്ച ലൈറ്റുകള്‍ ഏറെയും ഉപയോഗ ശൂന്യമായതോടെ നശിച്ചുപോകുകയാണ്. കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മെയ് മാസം പുനരാംഭിച്ചിരുന്നു. എന്നാല്‍ വീണ്ടും പഴയപടിയായി. ഇതോടെ ലൈറ്റ് ആന്‍്ഡ് ഷോ പൂര്‍ണ്ണമായും ഉപേക്ഷിച്ച മട്ടിലാണ് ഡിടിപിസി അധികൃതര്‍.
2016 ഫെബ്രുവരി 28 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി പ്രദര്‍ശനം നടത്തിയില്ല. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയുടെ ചരിത്രം അയവിറക്കുന്ന ലേസര്‍ ഷോയും ശബ്ദവുമടങ്ങിയതാണ് 43 മിനുട്ട് നീണ്ടുനിന്ന ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഷോയുടെ നടത്തിപ്പ് ചുമതല കണ്ണൂര്‍ ഡിടിപിസിക്കാണ്. ശബ്ദവും പ്രകാശവും സന്നിവേശിപ്പിച്ച്, 500 വര്‍ഷം പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്ന വിധത്തിലാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും കാവ്യാ മാധവനുമാണ് ശബ്ദം നല്‍കിയത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പില്‍ കമലാഹാസനും ശബ്ദം നല്‍കി. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.
ഹൈദരാബാദിലെ ഗൊല്‍ക്കൊണ്ട കൊട്ടാരം, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപുരം കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ കോട്ട എന്നിവിടങ്ങളില്‍ മാത്രമാണ് രാജ്യത്ത് ഇത്തരം മ്യൂസിക് സംവിധാനം ഉളളത്. എന്നാല്‍ അധികൃതരുടെ കെടുകാര്യസ്ഥത കാരണം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ലൈറ്റ് ആന്റ് സൗണ്ട് ഷോ പ്രവര്‍ത്തനക്ഷമമാകുമോയെന്ന ആശങ്കയിലാണ്.
റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാത്തിപ്പാലം- ചെറുവാഞ്ചേരി റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് മന്ത്രി കെ.കെ ശൈലജടീച്ചര്‍ നിര്‍വ്വഹിക്കും. പാത്തിപ്പാലത്തിന് സമീപം നടക്കുന്ന പരിപാടി യില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുളള അധ്യക്ഷത വഹിക്കും. പാത്തിപ്പാലം മുതല്‍ മരപ്പാലം വരെ മെക്കാഡം ടാറിങ്ങിന് 380 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയില്‍ 4.6 കി.മി നീളത്തിലും 5.5 മീറ്റര്‍ വീതിയിലും ടാറിങ്ങും 5 ഓവ് പാലങ്ങളുടെ പുനര്‍നിര്‍മാണവും കോണ്‍ക്രീറ്റ് ഓവുചാലുകളുടെ നിര്‍മാണവുമാണ് നടത്തുക.
















