ടീച്ചറും കണ്ണനും(ഫയല്‍ ചിത്രം)
കല്‍പ്പറ്റ: ഒടുവില്‍ കണ്ണന്റെ സവിധത്തിലലിയാന്‍ ഭവാനി ടീച്ചറും യാത്രയായി. 62-ാം വയസ്സില്‍ ടെസ്റ്റ്യൂബ് പരീക്ഷണത്തിലൂടെ അമ്മയായ ഭവാനി ടീച്ചറെ കേരളം മറക്കാനിടയില്ല. ആര്‍ത്തവവിരാമത്തിനുശേഷം അമ്മയാകുന്ന കേരളത്തിലെ ആദ്യ സ്ത്രീയും ലോകത്തിലെ മൂന്നാമത്തെ സ്ത്രീയുമെന്ന ഖ്യാതി അന്ന് ഭവാനിയമ്മയ്‌ക്കായിരുന്നു.
മൂവാറ്റുപ്പുഴ കാവുങ്കര ആസാദ് റോഡില്‍ കരുണാനിവാസില്‍ ഭവാനിയമ്മ എന്ന ഭവാനി ടീച്ചര്‍ ഇന്നലെ രാവിലെ കല്‍പ്പറ്റ മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കിടെ എഴുപ്പാറാം വയസ്സില്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ആറ്റുനോറ്റുണ്ടായ മകന്‍ കണ്ണനെ 2006 ഫെബ്രുവരി 11ന് രണ്ടാം പിറന്നാളിനോടനുബന്ധിച്ച് വിധി ടീച്ചറില്‍ നിന്ന് അകറ്റി. അതോടെ തളര്‍ന്ന ടീച്ചര്‍ മൂവാറ്റുപുഴയില്‍ നിന്ന് കുമളിയിലേക്കും തുടര്‍ന്ന് വയനാട്ടിലേക്കും ചേക്കേറുകയായിരുന്നു. ബക്കറ്റിലെ വെള്ളത്തില്‍ വീണായിരുന്നു കണ്ണന്റെ അന്ത്യം.
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ ജന്മം നല്‍കിയ കുഞ്ഞിനെ കാണാനെത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് ടീച്ചറെ ഒരമ്മയാകാന്‍ നിര്‍ബന്ധിതയാക്കിയത്. ആറ്റിങ്ങല്‍ സമദ് ആശുപത്രിയിലെ ചികിത്സയിലൂടെ ഗര്‍ഭധാരണം സാധ്യമാക്കുകയായിരുന്നു .
വയനാട്ടിലെത്തിയ ടീച്ചര്‍ മാനന്തവാടി എരുമത്തെരുവിലെ വാടക വീട്ടില്‍ കുട്ടികള്‍ക്ക് കണക്ക് ട്യൂഷനെടുത്ത് കഴിയുകയായിരുന്നു.
ഇതിനിടെ സുഹൃത്തിന്റെ വീട്ടില്‍ ബോധമറ്റ് വീണപ്പോള്‍ മാനന്തവാടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ പീസ് വില്ലേജ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത് ചികിത്സിക്കുകയായിരുന്നു. ഒന്നരമാസം മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ കിടക്കയിലും വീല്‍ചെയറിലുമായി ജീവിതം.
















