തിരുവനന്തപുരം: ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പ്രദര്‍ശിപ്പിച്ച് പരസ്യ സംവാദത്തിന് ബിജെപി വെല്ലുവിളിക്കുകയാണെന്ന് ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
എന്ത് മതവിദ്വേഷമാണ് നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഞെട്ടിയ മുഖ്യമന്ത്രി, പിണറായിയില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടാത്തതെന്താണ്. ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി എന്ന് വരുത്തിതീര്‍ത്ത് പ്രകടനവും പൊതുയോഗവും നടത്തി. കേസ് അന്വേഷണത്തില്‍ ജയിലിലായത് ആരെന്ന് കേരള ജനത കണ്ടു.
ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്മാറണം. അധികാരത്തിന്റെ മറവില്‍ സിപിഎം ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുകയാണ്. ശ്രീകൃഷ്ണനോടുള്ള ഭക്തി കൊണ്ടാണോ സിപിഎം അഷ്ടമിരോഹിണി ആഘോഷിക്കുന്നതെന്ന് വ്യക്തമാക്കണം. സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുകയാണ്.
എന്നാല്‍ ബാലഗോകുലം ശോഭായാത്ര നടത്തുന്ന അതേസമയത്ത് തന്നെ സിപിഎം ഘോഷയാത്ര നടത്തുമെന്ന് പറയുന്നത് ശ്രീകൃഷ്ണനോടുള്ള അവഹേളനമാണ്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെതിരെയുള്ളതാണെന്നും കൃഷ്ണദാസ് പറഞ്ഞു.
















