കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ ആശയക്കുഴപ്പം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സന്നദ്ധത നാദിര്‍ഷാ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതിനായി രേഖാമൂലം നോട്ടീസ് നല്‍കണമെന്നാണ് നടന്റെ ആവശ്യം.
എന്നാല്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. നിലവില്‍ കോടതിയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി ആശുപത്രി വിട്ട നാദിര്‍ഷ, തിങ്കളാഴ്ച ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആലുവയില്‍ എത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷ വരില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം മടങ്ങി.
നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായേയും ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ചതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായതായാണ് പോലീസ് നിഗമനം. ഇതോടെയാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
















