ചാലക്കുടി: ചതുപ്പില്‍ ആണ്ടുപോയ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണനെ കരകയറ്റാന്‍ മണിക്കൂറുകളോളം പ്രയത്‌നിച്ച പാപ്പാനെ ആദരിക്കുന്നു. വിരണ്ടോടി ആലപ്പുഴ തുറവൂര്‍ വളമംഗലം അനന്തന്‍ കരിയിലെ ചതുപ്പില്‍ താഴ്ന്ന മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ ആന ബാലകൃഷ്ണനെ പതിനേഴു മണിക്കൂറിനു ശേഷം കരകയറ്റിയത് കേരളമാകെ ചര്‍ച്ചയായിരുന്നു.
നാട്ടുകാരും പാപ്പാന്മാരും ചേര്‍ന്ന് ബാലകൃഷണനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ചാനലുകളിലെ തത്സമയ സംപ്രേഷണത്തിലൂടെ നാടാകെ കണ്ടു. അന്നമനട ഉമാമഹേശ്വരന്റെ പാപ്പാനായ വാഴക്കുളം മനോജ് സംഭവമറിഞ്ഞ് തുറവൂരിലെത്തുകയായിരുന്നു. ബാലകൃഷണന്റെ പാപ്പാന്‍ മധുവിന്റെ അടുത്ത സുഹൃത്താണ് മനോജ്. ബാലകൃഷ്ണന്റെ പുറത്തിരുന്ന് ചതുപ്പില്‍ നിന്നു വലിഞ്ഞുകയറാനുള്ള അവന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നു മനോജ്.
ബാലകൃഷ്ണന്റെ മരണവെപ്രാളത്തില്‍ മനസ് ചഞ്ചലപ്പെടാതെ, കരുത്തു ചോരാതെ മനോജ് പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഓരോ ശ്രമത്തിനു ശേഷവും ബാലകൃഷ്ണന്‍ തളര്‍ന്ന് ചതുപ്പില്‍ വീഴുമ്പോഴും മനോജ് അവനെ ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ പതിനേഴു മണിക്കൂറിനു ശേഷമാണ് ആ ശ്രമങ്ങള്‍ വിജയിച്ചത്. പിന്നീട് വിരണ്ട ബാലകൃഷ്ണന്‍ വീണ്ടും ഭീതി പരത്തി. എന്നാല്‍, തളയ്‌ക്കാനായി. പിറ്റേന്ന് ആ തുരുത്തില്‍ നിന്ന് പാലം കടത്തി ബാലകൃഷ്ണനെ പുറത്തെത്തിക്കുന്നതു വരെ മനോജ് ഒപ്പമുണ്ടായിരുന്നു.
ചാലക്കുടി കണ്ണമ്പുഴ വാദ്യകലാപീഠം കീര്‍ത്തിപത്രവും സുവര്‍ണമുദ്രയും നല്‍കിയാണ് ഈ പാപ്പാന്റെ പരിശ്രമത്തെ ബഹുമാനിക്കുന്നത്. കണ്ണമ്പുഴ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മഹാനവമി ദിനത്തില്‍, ഈ മാസം 29ന് മനോജിനു കീര്‍ത്തിപത്രവും സുവര്‍ണമുദ്രയും സമ്മാനിക്കും.
















