പത്തനംതിട്ട: മലങ്കര പുനരൈക്യ വാര്‍ഷികവും സഭാസംഗമവും 19 മുതല്‍ 21 വരെ അടൂരില്‍. ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ തയ്യാറാക്കിയ മാര്‍ ഇവാനിയോസ് നഗറിലെ പരിപാടിയില്‍ അന്ത്യോക്യയിലെ സുറിയാനി പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അറിയിച്ചു.
സഭയില്‍ പുതുതായി നിയമിതരായ യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റമ്പാന്റെയും, ഗീവര്‍ഗ്ഗീസ് കാലായില്‍ റമ്പാന്റെയും മെത്രാഭിഷേകവും ഇതോടൊപ്പം നടക്കും.
പുനരൈക്യ വിളംബര ഘോഷയാത്ര, കുട്ടികളുടെ സംഗമം, യുവജന അല്‍മായ സംഗമങ്ങള്‍, വനിതാസംഗമം, സുവിശേഷസന്ധ്യ, സമൂഹബലി എന്നിവയാണ് പ്രധാന പരിപാടികള്‍.
പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമാണ് നടത്തുന്നത്.
പ്രചരണത്തിന് ഫ്‌ളക്‌സ് ഉപയോഗിക്കില്ല, റോഡിനു കുറുകെ ഉള്ള കമാനങ്ങള്‍ ഒഴിവാക്കി. വാര്‍ഷികാഘോഷത്തിന് മുമ്പും പിമ്പും അടൂര്‍ നഗരം ശുചീകരിക്കും. സമ്മേളന നഗരിയില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും അനുവദിക്കില്ല. പുനരൈക്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സഭയുടെ വിവിധ ആശുപത്രികളില്‍ ആയിരത്തോളം ആളുകള്‍ക്ക് സൗജന്യ ഡയാലിസിസും ഇരുപത്തി അഞ്ച് കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം സഹായധനമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫാ. ഗീവര്‍ഗ്ഗീസ് നെടിയത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















