കൊച്ചി: തലശ്ശേരിയിലെ തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവരെ പരിഹസിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്.
കരിഓയില്‍ ഒഴിച്ചവര്‍ക്ക് പെയിന്റിങ് ജോലി അറിയാം. ഒഴിക്കുമ്പോള്‍ മുഴുവനായി ഒഴിച്ചുകൂടായിരുന്നോ? വിവരം അറിയിച്ചവരോട് കരിഓയില്‍ തുടച്ചുകളയേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിക്കാന്‍ പറയണമെന്നും വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം.
തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും, ദിലീപിനു പിന്തുണ പ്രഖ്യാപിച്ച കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ക്കൂടി കരിഓയില്‍ ഒഴിക്കണമായിരുന്നു. പിന്നീട് ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടില്‍ കൊണ്ടുപോയി ഒഴിക്കണം. കരിഓയില്‍ തികഞ്ഞില്ലെങ്കില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം.
ദിലീപിനെ അനുകൂലിച്ചാല്‍ മാത്രമല്ല, എതിര്‍ത്താലും സാക്ഷികളെ സ്വാധീനിക്കുമെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലത്. ദിലീപിന് അനുകൂലമായി സംസാരിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന് പറയുന്നവര്‍, എതിര്‍ത്താലും സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന് ഓര്‍ക്കണം. ദിലീപിനെ പിന്തുണച്ചതിന്റെ പേരിലാണോ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതെന്ന് തനിക്കറിയില്ല. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. എങ്ങനെ മുന്നോട്ടുപോകണമെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ കേസിനെ എതിര്‍ക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
















