കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നലെ രണ്ടുമാസം പൂര്‍ത്തിയായി. ജൂലൈ 10നാണ് ജനപ്രിയനായകന്‍ അറസ്റ്റിലായത്. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ബുധനാഴ്ച വീണ്ടും ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കുന്നുണ്ട്. രണ്ട് ജാമ്യാപേക്ഷയെയും പോലീസ് എതിര്‍ക്കും. ജയിലില്‍ കിടന്നുതന്നെ ദിലീപിന് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഗണേഷ്‌കുമാറിന്റെ പ്രസ്താവനയെന്നു കോടതിയെ ധരിപ്പിച്ചാവും പോലീസ് ജാമ്യാപേക്ഷയെ പ്രതിരോധിക്കുക എന്നാണ് സൂചന. ചട്ടങ്ങള്‍ മറികടന്ന് ഒട്ടേറെ പ്രമുഖര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതും പോലീസ് ചൂണ്ടിക്കാട്ടും.
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ വീണ്ടും വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനുശേഷമേ നാദിര്‍ഷായെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കൂ. നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
നാദിര്‍ഷായുടെ ആദ്യമൊഴി കളവായിരുന്നുവെന്ന കാരണം പറഞ്ഞാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു.
















